covid

കോട്ടയം: കോട്ടയം, ഇടുക്കി ജില്ലകളിൽ പുതിയ കൊവിഡ് -19 രോഗികളില്ല. ഇതോടെ അൽപം ആശ്വാസത്തിലാണ് ഇരുജില്ലകളും. ജനങ്ങളും ആരോഗ്യവകുപ്പും പൊലീസും എല്ലാം ശുഭപ്രതീക്ഷയിലാണ്. ഗ്രീൻസോണിൽ നിന്നും പെട്ടെന്ന് റെഡ്സോണിലായ കോട്ടയവും ഇടുക്കിയും ഇപ്പോഴും കടുത്ത നിയന്ത്രണത്തിൽതന്നെ. പല ജില്ലകളിലും ഇളവുകൾ നല്കാൻ ആലോചനയുണ്ടെങ്കിലും ഇടുക്കിയിലും കോട്ടയത്തും ഇളവുകൾ ഉണ്ടാവില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. പരിശോധനകളും യാത്രാവിലക്കും ശക്തമായി തന്നെ തുടരുകയാണ്.

സ്‌പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിച്ചതോടെ കോട്ടയം ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് പോവാൻ ധൃതി കൂട്ടുകയാണ്. ഇന്നലെ ഇൻഡസ്ട്രിയൽ ഏറിയായായ പൂവന്തുരുത്തിയിൽ ഒരു കൂട്ടം അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടം കൂടിയിരുന്നു. പൊലീസ് ഉടൻ എത്തി ഇവരെ പിന്തിരിപ്പിച്ചു. പായിപ്പാട്ടും അല്പം ബഹളം കൂട്ടിയെങ്കിലും പൊലീസ് നിശബ്ദമാക്കി.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, കോട്ടയം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലായി 18 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ ഒരാൾ ഇടുക്കി ജില്ലയിൽ നിന്ന് എത്തിയതാണ്. ഇന്നലെ ലഭിച്ച റിസൾട്ടിൽ 200ലധികവും നെഗറ്റീവ് ആണ്. ഐസൊലേഷൻ വാർഡിൽ കഴിയുന്നവരുടെ നില തൃപ്തികരമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. 1200 ലധികം പേരാണ് ഹോം ക്വാറന്റെനിൽ കഴിയുന്നത്.

പുതിയ രോഗികൾ കോട്ടയത്തും ഇടുക്കിയിലും റിപ്പോർട്ട് ചെയ്യാതിരുന്നതും പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതും ആരോഗ്യവകുപ്പിന് ആശ്വാസം നൽകിയിട്ടുണ്ട്. എന്നാൽ ൽപംല്പം അശ്രദ്ധ മതി രോഗം പടരാൻ എന്നതിനാലാണ് നിയന്ത്രണങ്ങളിൽ അയവ് വരുത്താത്തതെന്ന് ആർ.എം.ഒ പറഞ്ഞു. വളരെ ശ്രദ്ധയോടെയാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ഓരോ സ്റ്റെപ്പും എടുക്കുന്നത്.

ചുരുക്കത്തിൽ അതീവ ജാഗ്രതയിലാണ് കോട്ടയവും ഇടുക്കിയും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള അൽകേഷ് കുമാർ കോട്ടയം ജില്ലയിലുടനീളം ജില്ലാ പൊലീസ് ചീഫിനോടൊപ്പം ചുറ്റിക്കറങ്ങി സ്ഥിതിഗതികൾ വിലയിരുത്തി. മാസ്ക് ധരിക്കാത്തവരെ പിടികൂടി പൊലീസ് പെറ്റി കേസ് എടുത്ത് പറഞ്ഞയച്ചു. പക്ഷേ, റോഡിലിറങ്ങുന്ന 90 ശതമാനം ആളുകളും മാസ്ക് ധരിച്ചാണ് എത്തുന്നത്. അതുപോലെ കാറിലും ബൈക്കിലും സഞ്ചരിക്കുന്നവരും മാസ്ക് ധരിച്ചിരുന്നു.

നാളെ ലോക്ക്ഡൗൺ ഒഴിവാകുമെന്നാണ് മിക്കവരും കരുതിയിരുന്നത്. എന്നാൽ ലോക്ക്ഡൗൺ 15 ദിവസത്തേക്കുകൂടി നീട്ടിയിട്ടുണ്ട്. റെഡ്സോണിൽ അല്പം അയവ് വരുമെങ്കിലും പൂർണമായും പിൻവലിക്കില്ല. കൊവിഡ‌് സംഹാരതാണ്ടവമാടുന്ന തമിഴ്നാട്ടിൽ നിന്നുള്ളവരുടെ ഒളിച്ചുകടക്കൽ കുറഞ്ഞിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ പൊലീസ് ചീഫ് പി.കെ മധു വ്യക്തമാക്കി. എന്നാലും അതിർത്തിപ്രദേശങ്ങളിൽ ചെക്കിംഗ് ശക്തമായി തുടരുകയാണ്.

കോട്ടയത്ത് രോഗം പിടിപെട്ടവരുടെ എണ്ണം കൂടിയതോടെ അയൽജില്ലക്കാർ പോക്കറ്റ് റോഡുകൾ വരെ അടച്ച് ഗതാഗതം നിയന്ത്രിച്ചിരിക്കയാണ്. ഇതിന് അയവ് വരുത്തിയിട്ടില്ല. മണ്ണും മെറ്റലും കരിങ്കല്ലും ഇട്ടാണ് റോഡുകൾ ബ്ലോക്ക് ചെയ്തത്. പ്രധാന റോഡുകളിൽ ബാരിക്കേ‌ഡ് സ്ഥാപിച്ച് പരിശോധന ശക്തമായി തുടരുകയാണ്. പരിശോധന കർക്കശമാക്കിയതോടെ ജനങ്ങൾ വീടുകളിൽ തന്നെ കഴിയുകയാണ്.