കണ്ണൂർ: സംസ്ഥാനത്ത് ഏറ്റവും രൂക്ഷമായി കൊവിഡ് 19 വ്യാപനം ഉണ്ടായിരുന്ന കാസർകോട് ജില്ല ആശ്വാസത്തിന്റെ തീരത്ത്. രോഗ വ്യാപനത്തെ ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിച്ചതിന് പിന്നാലെ റെഡ് സോണിൽ നിന്നും ഓറഞ്ച് സോണിലേക്ക് മാറി. തൊട്ടടുത്ത കണ്ണൂരിൽ രോഗ വ്യാപന തോത് ഉയരുന്നതിന് പിന്നാലെയാണ് ഈ മാറ്റം.
വിദേശത്ത് നിന്നും കൊവിഡുമായെത്തിയ കളനാട് സ്വദേശിയാണ് ആദ്യമായി ഭീതിയ്ക്ക് ഇടയാക്കിയത്. അമിത ആത്മവിശ്വാസത്തോടെ ജനങ്ങൾ പുറത്തിറങ്ങിയതും ഭരണകൂടത്തിന്റെ പാളിച്ചയും രോഗ വ്യാപനത്തിന് ഇടയാക്കുകയായിരുന്നു. രോഗം തീവ്രമായതോടെ പൊലീസും ഭരണകൂടവും ശക്തമായ നിയന്ത്രണങ്ങളിലേക്ക് കടന്നു. പ്രാദേശികമായ റോഡുകളിൽ പരിശോധനകൾ ഏർപ്പെടുത്തി, അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടിയും സ്വീകരിച്ചതോടെ ജനങ്ങളും സഹകരിച്ചു.
ഇതിനിടെ അത്യാസന്ന നിലയിൽ മംഗളൂരുവിലേക്ക് കൊണ്ടുപോകുന്ന രോഗികളെ കർണ്ണാടക തടഞ്ഞതോടെ ഒട്ടേറെ ജീവനുകൾ നിരത്തിൽ പൊലിഞ്ഞു. കേന്ദ്ര സർക്കാരിന്റെ അഭ്യർത്ഥന പോലും കർണ്ണാടക സർക്കാർ മുഖ വിലയ്ക്കെടുക്കാൻ തയ്യാറാകാത്തതോടെ കേരള സർക്കാർ ജില്ലയുടെ കാര്യത്തിൽ ജാഗ്രതയോടെ ഇടപെടുകയായിരുന്നു. നിർമ്മാണം പുരോഗമിക്കുകയായിരുന്ന ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജ് അതിവേഗത്തിൽ തുറന്ന് കൊടുത്തതോടൊപ്പം ഇതിനെ കൊവിഡ് ചികിത്സയ്ക്കുള്ള പ്രധാന കേന്ദ്രമാക്കി മാറ്റി.
കാസർകോട് ജനറൽ ആശുപത്രിയിലും സൗകര്യങ്ങൾ വ്യാപിപ്പിച്ചു. ഇതിനിടെ കാസർകോട് നഗരത്തിൽ നിന്നും അധികം ദൂരെയല്ലാത്ത തെക്കിൽ പുഴയ്ക്ക് അടുത്ത് ടാറ്റ കമ്പനിയുടെ സഹകരണത്തോടെ പുതിയ ആശുപത്രിയുടെ നിർമ്മാണവും ആരംഭിച്ചു. ആദ്യം കണ്ടെത്തിയ സ്ഥലം അനുയോജ്യമല്ലാതിരുന്നതോടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്ഥലത്താണ് അഞ്ഞൂറോളം പേരെ ചികിത്സിക്കാവുന്ന ആശുപത്രിയുടെ നിർമ്മാണം പുരോഗമിക്കുന്നത്. തുടക്കത്തിൽ ചില വിവാദങ്ങൾ ഉണ്ടായിരുന്നെങ്കിലും സർക്കാർ കാര്യക്ഷമമായി ഇടപെട്ടതോടെ ഇതൊക്കെ ഇല്ലാതായി.
അതേസമയം രാഷ്ട്രീയ വടംവലിയിൽ കുടുങ്ങി ആശുപത്രി നിർമ്മാണം വൈകുന്നത് ഒഴിവാക്കാൻ പാർട്ടിയുടെ ഘടകങ്ങളെ പോലും അറിയിക്കാതെയായിരുന്നു സർക്കാർ അതിവേഗം പൂർത്തിയാക്കുന്ന ആശുപത്രിയ്ക്കായി സ്ഥലം കണ്ടെത്തിയത്. ജില്ലയിൽ നാലു പേർക്ക് കൂടി കൊവിഡ് നെഗറ്റീവായതോടെ ഇപ്പോൾ ചികിത്സയിലുള്ളവത് എട്ട് പേർ മാത്രമാണ്. ജില്ലാ ആശുപത്രിയിൽ ഒരാളും ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ മൂന്ന് പേരുമാണ് വെള്ളിയാഴ്ച ഡിസ്ചാർജ് ആയത്.
ജില്ലയിൽ 1918 പേർ നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 1892 പേരും ആശുപത്രികളിൽ 26 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 469 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. പുതിയതായി മൂന്ന് പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 171 പേരാണ് രോഗവിമുക്തരായിരിക്കുന്നത്. ജില്ലയിൽ നിരീക്ഷണത്തിലുള്ള 11204 പേർ നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു.
ഇതിനിടെ ദൃശ്യ മാദ്ധ്യമ പ്രവർത്തകന് കൊവിഡ് സ്ഥിതീകരിച്ചതോടെ ജില്ലാ കളക്ടറും നിരീക്ഷണത്തിൽ പോകേണ്ടി വന്നിരുന്നു. എന്നാൽ അദ്ദേഹത്തിന് വൈറസ് ബാധയില്ലെന്ന് തെളിഞ്ഞതോടെ ജില്ല ആശ്വാസത്തിലായിട്ടുണ്ട്. രോഗവ്യാപനം കുറഞ്ഞതോടെ ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകളല്ലാത്ത പ്രദേശങ്ങളിലെ കെപ്കോ സംഭരണ കേന്ദ്രങ്ങൾ ദിവസവും രാവിലെ 11 മുതൽ വൈകിട്ട് അഞ്ചു വരെ തുറക്കാമെന്ന് ജില്ലാ കളക്ടർ ഡോ.ഡി. സജിത് ബാബു അറിയിച്ചു. അടയ്ക്കാ കർഷകരുടെ ആവശ്യം പരിഗണിച്ചാണിത്. നിലവിൽ കാസർകോട് ജില്ലയിൽ കാസർകോട് മുനിസിപ്പാലിറ്റി, ചെങ്കള, ചെമ്മനാട്, മുളിയാർ, മൊഗ്രാൽ പുത്തൂർ, അജാനൂർ, ഉദുമ ഗ്രാമ പഞ്ചായത്തുകൾ എന്നിവയാണ് ഹോട്‌സ്‌പോട്ട് മേഖലകൾ. മറ്റ് പ്രദേശങ്ങളെല്ലാം ആശ്വാസത്തിലായിട്ടുണ്ട്.
ഈ മാസം മുതൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് എത്താൻ സാധ്യതയുളള 18000 ത്തോളം ആൾക്കാരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് 100 ഹെൽപ് ഡെസ്ക്കുകൾ അതിർത്തിയായ തലപ്പാടിയിൽ സജ്ജീകരിക്കും. ദേശീയ പാതയ്ക്ക് ഇരുവശങ്ങളിലും 50 ഹെൽപ് ഡെസ്ക്കുകൾ വീതമാണ് ഒരുക്കുക. ഓരോ ഹെൽപ് ഡെസ്ക്കിലും രണ്ട് വീതം അധ്യാപകരെ ചുമതലപ്പെടുത്തും.