കൊല്ലം: കൊവിഡിന്റെ പിടി അയഞ്ഞ് ആശ്വാസത്തിന്റെ ദിനങ്ങളിലേക്ക് കാെല്ലം നീങ്ങുന്നതായാണ് സൂചന. അപ്രതീക്ഷിതമായി ബുധനാഴ്ച ആറുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് വലിയ ഞെട്ടൽ ഉളവാക്കിയിരുന്നെങ്കിലും തുടർ ദിവസങ്ങൾ ആശ്വാസത്തിന്റെതായിരുന്നു. ചികിത്സയിലുണ്ടായിരുന്നവർ മൂന്നുപേർ രോഗമുക്തരായി വീട്ടിലേക്ക് മടങ്ങുന്നതിന്റെ സന്തോഷവുമുണ്ട്. ഇപ്പോൾ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 12 ആയി കുറഞ്ഞിട്ടുണ്ട്. ഇന്ന് കൂടുതൽപേർ ആശുപത്രിവിടാനും സാദ്ധ്യതയുണ്ട്.
23 പേർ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിലുണ്ടെങ്കിലും ആശങ്കയില്ലെന്നാണ് വിവരങ്ങൾ. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന സ്ത്രീയ്ക്ക് കൊവിഡ് പൊസിറ്റീവ് ആണെന്ന തരത്തിൽ വലിയ പ്രചരണമുണ്ടായിരുന്നു. എന്നാൽ ഇത് ശരിയല്ലെന്നാണ് പിന്നീട് വന്ന സ്ഥിരീകരണം. കുളത്തൂപ്പുഴ, ചാത്തന്നൂർ പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങളും സുരക്ഷാ പരിശോധനകളും നടന്നുവരികയാണ്. കൊവിഡ് പൊസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച മുഴുവൻ ആളുകളുടെയും സമ്പർക്ക പട്ടിക തയ്യാറാക്കി വേണ്ടുന്ന സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കിയിട്ടുണ്ട്.