വയനാട്: ജില്ലയിൽ കുരങ്ങുപനി പടരുന്ന പ്രദേശങ്ങളിൽ ലോക്ക് ഡൗൺ മോഡലിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഒരുങ്ങി ജില്ലാ ഭരണകൂടം . തിരുനെല്ലി പഞ്ചായത്തിലുള്ളവർക്ക് മാത്രമാണ് ഇത്തവണ രോഗം ബാധിച്ചത്.അതിനാൽ ഈ മേഖലകളിൽ സ്പെഷ്യൽ ആക്ഷൻ പ്ലാൻ നടപ്പാക്കാനാണ് തയ്യാറെടുക്കുന്നത്. തിരുനെല്ലി പഞ്ചായത്തിലെ 28 പേർക്കാണ് ഈ വർഷം രോഗം ബാധിച്ചത്. ഇതിൽ നാല് പേർ മരിച്ചു. ഒരാൾ ചികിത്സയിൽ തുടരുകയാണ്. ഇതുകൂടാതെ 12 പേർക്കുകൂടി രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലും പ്രദേശത്തുള്ളവർ വിറക് തേൻ മുതലായവ ശേഖരിക്കുന്നതിനും മീൻ പിടിക്കുന്നതിനും മറ്റുമായി കാടിനകത്തേക്ക് പോകുന്നുണ്ട്. ഇങ്ങനെ പോയവർക്കാണ് ഈ വർഷം രോഗം കൂടുതലായും ബാധിച്ചത്. ഈ സാഹചര്യത്തിലാണ് ഈ മേഖലകളിൽ ആളുകളെ കാടിനുള്ളിലേക്ക് കടക്കാൻ അനുവദിക്കാതെ ലോക്ക് ഡൗൺ മോഡൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനമെടുത്തത്. പ്രദേശത്തെ വീടുകളിൽ ഭക്ഷ്യ ധാന്യങ്ങൾ നേരിട്ടെത്തിച്ചു നൽകും. പൊലീസ് നിരീക്ഷണം കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.