തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിൽ നാട്ടിൽ പോകാനാകാതെ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിപ്പോയ ഝാർഖണ്ഡ് സ്വദേശികളായ അതിഥിതൊഴിലാളികളുമായുള്ള ട്രെയിൻ ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഝാർഖണ്ഡിലെ റാഞ്ചിയിലേക്ക് പുറപ്പെടുന്ന നോൺ സ്റ്റോപ്പ് ട്രെയിനിൽ യാത്രക്കുള്ള അതിഥി തൊഴിലാളികളെ സ്റ്റേഷനിലെത്തിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപടികൾ തുടങ്ങി.
നെടുമങ്ങാട്, പോത്തൻകോട് ഭാഗങ്ങളിൽ പ്രത്യേക സ്ക്രീനിംഗ് നടത്തി രോഗമില്ലെന്ന് ഉറപ്പാക്കിയവരെയാണ് നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കുന്നത്. ഇതിനായി സാമൂഹ്യ അകലം പാലിച്ച് രണ്ട് കേന്ദ്രങ്ങളിലായി തെർമ്മൽ സ്ക്രീനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ ആരംഭിച്ചു. മെഡിക്കൽ റിപ്പോർട്ടിന്റെയും തിരിച്ചറിയിൽ രേഖകളുടെയും അടിസ്ഥാനത്തിൽ ഇവരെ പ്രത്യേകം തയ്യാറാക്കിയ കെ.എസ്.ആർ.ടി സി ബസുകളിൽ കയറ്റി തമ്പാനൂരിലെത്തിക്കും.
ഒരു ബസിൽ മുപ്പത് പേരെയാണ് പ്രവേശിപ്പിക്കുക. ഉച്ചയ്ക്ക് രണ്ട് മണിക്ക് ട്രെയിൻ പുറപ്പെടുമെന്നാണ് ഇപ്പോൾ അറിയിച്ചിട്ടുള്ളത്. റെയിൽവേ സ്റ്റേഷനിൽ വീണ്ടും തെർമ്മൽ സ്ക്രീനിംഗിനും പരിശോധനകൾക്കും വിധേയരാക്കിയശേഷം സാമൂഹ്യ അകലം ഉറപ്പാക്കി ഒരു കമ്പാർട്ട്മെന്റിൽ 60 പേരെ വീതമാണ് യാത്രചെയ്യാൻ അനുവദിക്കുക. 832 രൂപയാണ് ടിക്കറ്റ് ചാർജ്. യാത്രയിൽ ഇവർക്കാവശ്യമായ ഭക്ഷണവും വെള്ളവും ട്രെയിൻ കയറുംമുമ്പ് തന്നെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യും.
റാഞ്ചിയിലെത്തിയാൽ ഇവരെ വീണ്ടും അവിടെ ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കാനും നാടുകളിലെത്തിക്കാനും ഝാർഖണ്ഡ് സർക്കാരും ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഇന്നലെ ആലുവയിൽ നിന്ന് ഭുവനേശ്വറിലേക്കാണ് 1200 അതിഥിതൊഴിലാളികളുമായുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടത്. അതിനുശേഷം ഇന്ന് തിരുവനന്തപുരത്ത് നിന്നും എറണാകുളം, ആലുവ എന്നിവിടങ്ങളിൽ നിന്നും രണ്ട് ട്രെയിനുകൾ കൂടി പുറപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് നിന്ന് മറ്റൊരു ട്രെയിനും അതിഥി തൊഴിലാളികൾക്കായി യാത്രയ്ക്ക് തയ്യാറെടുക്കുന്നതായി സൂചനയുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. ട്രെയിനിനുളളിൽ സാമൂഹ്യ അകലം പാലിക്കുന്നതുൾപ്പെടെയുള്ള സുരക്ഷാ കാര്യങ്ങൾക്കായി ഓരോ കോച്ചിലും രണ്ട് സി.ആർ.പി.എഫുകാരെ വീതം നിയോഗിച്ചിട്ടുണ്ട്. മൂന്നരലക്ഷത്തോളം അതിഥിതൊഴിലാളികൾ സംസ്ഥാനത്തുള്ളതായാണ് കൊവിഡുമായി ബന്ധപ്പെട്ട് ലേബർ വകുപ്പ് പുറത്തിറക്കിയ കണക്കുകളിൽ പറയുന്നത്. ട്രെയിൻ യാത്ര വിജയമാണെന്ന് കണ്ടാൽ ഇവരെ പൂർണമായും മടക്കി അയക്കാൻ വരുംദിവസങ്ങളിൽ കൂടുതൽ ട്രെയിനുകൾ സർവ്വീസിനായി അനുവദിക്കാനാണ് നീക്കം.