uapa-

കോഴിക്കോട്: എൻ.ഐ.എയുടെ വാർത്താകുറിപ്പ് നിറയെ പൊരുത്തക്കേടുകളാണെന്ന് പന്തീരങ്കാവ് കേസിൽ എൻ.ഐ.എ കസ്റ്റഡിയിലെടുത്ത അഭിലാഷ് വ്യക്തമാക്കി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യല്ലിന് ശേഷം തന്നെ വിട്ടയച്ചതിനു പിന്നാലെയാണ് തനിക്ക് മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എ വാർത്താക്കുറിപ്പിലൂടെ പ്രസ്താവന ഇറക്കിയതെന്നും,​ പന്തീരങ്കാവ് കേസിൽ തെളിവില്ലാതെ പ്രതിരോധത്തിലായ എൻ.ഐ.എ കൃത്രിമമായി തെളിവുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അഭിലാഷ് കുറ്റപ്പെടുത്തുന്നു. ഒരു ടെലിവിഷൻ ചാനലിനോട് സംസാരിക്കവെയാണ് ഓൺലൈൻ മാദ്ധ്യമപ്രവ‍ർത്തകനായ അഭിലാഷ് ഇങ്ങനെ പറഞ്ഞത്.

കോഴിക്കോട്ട് നിന്ന് കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളിൽ രണ്ട് പേർ രണ്ട് മാവോയിസ്റ്റ് സംഘടനയിലെ കണ്ണികളെന്നാണ് ഇന്നലെയാണ് എൻ.ഐ.എ വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. വയനാട് സ്വദേശി വിജിതും കണ്ണൂർ സ്വദേശി അഭിലാഷുമാണ് പന്തീരങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായത്. അലനെയും താഹയെയും സി.പി.ഐ മാവോയിസ്റ്റുമായി ബന്ധപ്പെടുത്തിയതെന്നും എൻ.ഐ.എ വാർത്താകുറിപ്പിൽ പറയുന്നു.

അഭിലാഷിന്റെയും വിജിത്തിന്റെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവായി നിരവധി രേഖകൾ കിട്ടിയെന്നും വാ‍ർത്താക്കുറിപ്പിൽ അറിയിക്കുന്നുണ്ട്. എന്നാൽ ഇവർക്കൊപ്പം കസ്റ്റഡിയിലെടുത്ത വയനാട് സ്വദേശി എൽദോയെക്കുറിച്ച് വാർത്താക്കുറിപ്പിൽ പരാമർശമില്ല.