covid-

അമരാവതി: അന്യ സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്കായി കർശന നിർദ്ദേശങ്ങളുമായി ആന്ധ്രാപ്രദേശ് സർക്കാർ. മടങ്ങിയെത്തുന്നവർക്കായി സ്ക്രീനിംഗ് നടത്തുന്നതിനൊപ്പം, മാർഗനിർദേശപ്രകാരം സ്വദേശങ്ങളിലേക്ക് മടങ്ങുന്നതിന് മുമ്പ് ഇവരെ നിരീക്ഷണത്തിലാക്കുമെന്നും ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു. നാട്ടിലേക്കു മടങ്ങി വരുന്നവർ നോൺ-കൊവിഡ് -19 സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം. ഗുജറാത്തിൽ നിന്ന് വിശാഖപട്ടണം, ശ്രീകാകുളം, വിജയനഗരം എന്നിവിടങ്ങളിലേക്ക് മടങ്ങിയ മത്സ്യത്തൊഴിലാളികളെ നാട്ടിലേക്ക് അയയ്ക്കുന്നതിന് മുമ്പ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ ഒൻപത് വരെ സംസ്ഥാനത്ത് 1,02,460 കോവിഡ് -19 ടെസ്റ്റുകൾ നടത്തിയതായി അധികൃതർ മുഖ്യമന്ത്രിയെ അറിയിച്ചു. ഒരു ദശലക്ഷം ജനസംഖ്യയ്ക്ക് 1,919 ടെസ്റ്റുകൾ എന്ന നിരക്കിലാണ് ഇപ്പോൾ നടക്കുന്നത്. മൂന്ന് പുതിയ ക്ലസ്റ്ററുകളിൽ പോസിറ്റീവ് കേസുകൾ കണ്ടെത്തി. പോസിറ്റീവ് കേസുകളിൽ 72 ശതമാനവും കർനൂൽ, ഗുണ്ടൂർ, കൃഷ്ണ, നെല്ലൂർ ജില്ലകളിൽ നിന്നുള്ളവരാണ്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ രോഗികളെ ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ടെന്നും, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 82 രോഗികളെ ഡിസ്ചാർജ് ചെയ്തതായും അധികൃതർ വ്യക്തമാക്കി. ശ്രീകാകുളം, പ്രകാശം ജില്ലാ ലാബുകളിലും പരിശോധനകൾ ആരംഭിച്ചു. നെല്ലൂരിലും പുതിയ ലാബ് സ്ഥാപിക്കും. പശ്ചിമ ഗോദാവരി, വിജയനഗരം ജില്ലകളിൽ വൈറോളജി ലാബുകളും സ്ഥാപിക്കും.