crpf-delhi

ഡൽഹിഃ- കൊവിഡ് രോഗബാധയിൽ ബുദ്ധിമുട്ടുന്ന രാജ്യ തലസ്ഥാനത്ത് വീണ്ടും ആശങ്കയുയർത്തി സിആർപിഎഫ് ജവാന്മാർക്ക് കൊവിഡ് ബാധ. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 122 പേ‌ർക്കാണ് രോഗം ബാധിച്ചത്. ഏപ്രിൽ മാസം ആദ്യം വൈറസ് ബാധിച്ച നഴ്സിങ് അസിസ്റ്റന്റിൽ നിന്നാണ് ഇത്രയധികം ജവാന്മാർക്ക് അസുഖം പിടിപെട്ടതെന്നാണ് ലഭ്യമായ വിവരം. ഡൽഹി മയൂർ വിഹാർ ഫേസ്-3ലെ സി.ആർ.പി.എഫ് 31ആം ബറ്റാലിയൻ അംഗങ്ങളാണ് ഇവരെല്ലാം.

നഴ്സിങ് അസിസ്റ്റന്റിൽ നിന്നും രോഗബാധിതനായ ജവാന് ഏപ്രിൽ 21ന് രോഗം സ്ഥിരീകരിച്ചു. ഇയാളെ ഡൽഹി രാജീവ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് 24ന് ഒൻപത് പേരും അടുത്ത ദിവസം തന്നെ 15 പേർക്കും രോഗം സ്ഥിരീകരിച്ചു.മുൻപ് അസം സ്വദേശി 55 വയസ്സുകാരനായ ഒരു ജവാൻ സഫ്ദർജംഗ് ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

അസുഖം സ്ഥിരീകിരിച്ചവരെ മണ്ഡവാലിയിൽ പ്രത്യേകം പരിചരിക്കുകയാണ്. അതേസമയം ജോലി ചെയ്യുന്ന വാഹനത്തിൽ കൂടുതൽ സാനിറ്റൈസറുകൾ സ്ഥാപിച്ച് ജവാൻമാർ സ്വന്തം സുരക്ഷയും ഉറപ്പാക്കണമെന്ന് സിആർപിഎഫ് നിർദ്ദേശം നൽകി. രാജ്യത്ത് അവസാനം ലഭിച്ച വിവരം അനുസരിച്ച് ഇതുവരെ 37336 കൊവിഡ് രോഗ ബാധിതരുണ്ട്. ഇരുപത്തിനാല് മണിക്കൂറിൽ 2293 പേർക്ക് രോഗം ബാധിച്ചു. ഡൽഹിയിൽ ഇതുവരെ 3738 കൊവിഡ് കേസുകൾ റിപ്പോർട് ചെയ്തു.61പേർക്ക് ജീവൻ നഷ്ടമായി.