ചെന്നൈ: കൊവിഡ് 19 ബാധിച്ച് മരിച്ച ഡോക്ടറുടെ സംസ്കാരം തടഞ്ഞതിന് ഗുണ്ടാ നിയമപ്രകാരം 14 പേരെ കസ്റ്റഡിയിലെടുക്കാൻ ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ ഉത്തരവിട്ടു. കഴിഞ്ഞ ഏപ്രിൽ 20ന് ഡോ.സൈമൺ ഹെർക്കുലീസിന്റെ മൃതദേഹം സംസ്കരിക്കാൻ ശ്രമിക്കവേ രണ്ട് ചെന്നൈ കോർപ്പറേഷൻ എൻജിനീയർമാരെയും ആംബുലൻസ് ക്രൂ അംഗങ്ങളെയും അന്ന നഗറിൽ ഒരു കൂട്ടം ആളുകൾ ആക്രമിച്ചിരുന്നു.
സംഭവത്തിൽ 90 പേർക്കെതിരെ അന്ന നഗർ പൊലീസ് കേസെടുക്കുകയും ഒരു സ്ത്രീ ഉൾപ്പെടെ 21 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അവരെ പുജാൽ ജയിലിൽ റിമാൻഡ് ചെയ്തു. പ്രതിഷേധം സംപ്രേഷണം ചെയ്ത ടെലിവിഷൻ ചാനലുകളിൽ നിന്ന് ശേഖരിച്ച വീഡിയോ റെക്കാഡിംഗുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ ബാക്കിയുള്ള 69 പേരെ പൊലീസ് തെരയുകയാണ്. ഇവർക്കെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുക്കാനാണ് ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ എ കെ വിശ്വനാഥൻ ഉത്തരവിട്ടത്.
പി. അന്നമലൈ (32), എ ആനന്ദരാജ് (33) എൻ ഗോപിനാഥ് (42), എം കാദർ മൊയ്‌ദീൻ ( 48), ആർ മണി( 32), കെ മണികന്ദൻ (30), കെ നാഗേന്ദ്രൻ (29), കെ പോൾരാജ് (34), കെ സംഗീത രാജൻ (25), എ ശങ്കർ (28), ഡി സാരംഗപാണി (38), കെ സോമസുന്ദരം (24), എസ് വിജയ് (26), യു നിർമ്മല (38) എന്നിവർക്കെതിരെയാണ് കേസ്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കലയ്യരാസൻ, എക്സിക്യൂട്ടീവ് എൻജിനീയർ സെന്തിൽ കുമാർ, ആംബുലൻസ് ക്രൂ അംഗങ്ങളായ ആനന്ദ്, ദാമോദരൻ എന്നിവരെയാണ് ഇവർ ആക്രമിച്ചത്.