ഒരു പുരസ്കാര ചടങ്ങിനിടെ നടി ജ്യോതിക നടത്തിയ പ്രസംഗം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. തഞ്ചാവൂരിലെ സർക്കാർ ആശുപത്രിയുടെ ശോചനീയവസ്ഥയെക്കുറിച്ചാണ് താരം പറഞ്ഞത്. ക്ഷേത്രങ്ങൾക്കായി സംഭാവന നടത്തുന്നതുപോലെ ആശുപത്രികൾക്കും വിദ്യാലയങ്ങൾക്കും വേണ്ടി ഒന്നിച്ചുനിൽക്കണം എന്നാണ് ജ്യോതിക പറഞ്ഞത്. എന്നാൽ, ഇതിനെതിരെ ഒരു വിഭാഗം രംഗത്തെത്തുകയും താരത്തെ സോഷ്യൽ മീഡിയയിലും മറ്റും രൂക്ഷമായി അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ ആശുപത്രിയിൽ ജില്ലാ കളക്ടർ സന്ദർശനം നടത്തുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ശുചീകരണത്തിനിടെ ആശുപത്രിയുടെ പരിസരത്തിൽ നിന്ന് 11 പാമ്പുകളെ പിടികൂടി. ചേര, അണലി വർഗത്തിൽപ്പെട്ട പാമ്പുകളെയാണ് പിടികൂടിയത്. എന്നാൽ, ജ്യോതികയുടെ പ്രസംഗത്തെത്തുടർന്നല്ല ശുചീകരണ നടപടികൾ ആരംഭിച്ചതെന്നും എല്ലാ മാസവും ആശുപത്രി വൃത്തിയാക്കാറുണ്ടെന്നുമായിരുന്നു അധികൃതരുടെ വാദം.
തന്റെ പുതിയ ചിത്രം രാക്ഷസിയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് ജ്യോതിക തഞ്ചാവൂർ സർക്കാർ ആശുപത്രിയിൽ എത്തിയത്. കുട്ടികൾ വൃത്തിഹീനമായ സാഹചര്യത്തിലാണ് പിറന്നുവീഴുന്നതെന്നും അമ്പലങ്ങൾപോലെ ആശുപത്രിയും സംരക്ഷിക്കണം എന്നുമാണ് താരം പറഞ്ഞത്. ജ്യോതികയ്ക്കെതിരെ വിമർശനം രൂക്ഷമായതിന് പിന്നാലെ പിന്തുണയുമായി ഭർത്താവ് സൂര്യയും രംഗത്തെത്തിയിരുന്നു. മതമല്ല മനുഷ്യനാണ് പ്രധാനം എന്നാണ് താരം പറഞ്ഞത്. ഇതിനെ പിന്തുണച്ച് വിജയ് സേതുപതി ഉൾപ്പടെ നിരവധി താരങ്ങളും രംഗത്തെത്തി.