കാസർകോട്: കൊവിഡ് രോഗം വ്യാപനം സംബന്ധിച്ച ആശങ്ക നിലനിൽക്കെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം കഞ്ചാവ് മാഫിയാ സംഘങ്ങളിലേക്കും. നാളുകളായി കാസർകോട് ജില്ലയിലെ കഞ്ചാവ് മാഫിയ സംഘങ്ങളെ നിയന്ത്രിക്കുന്ന മൂന്നുപേരെ പൊലീസ് കണ്ടെത്തി നിരീക്ഷണത്തിലാക്കി. ഉദുമ, കാഞ്ഞങ്ങാട്, പടന്നക്കാട് സ്വദേശികളായ മൂന്ന് കഞ്ചാവ് മാഫിയ സംഘത്തിലെ അംഗങ്ങളെയാണ് പോലീസ് കണ്ടെത്തി ആരോഗ്യ വകുപ്പ് അധികൃതരുടെ സഹായത്തോടെ ക്വാറന്റെെനിലാക്കിയത്.
കൊവിഡ് രോഗികളെ പാർപ്പിക്കുന്നതിനായി ഏറ്റെടുത്തിരുന്ന കാസർകോട്ടെ ഒരു സ്വകാര്യ ലോഡ്ജിലാണ് ഇവരെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി കെ സുധാകരന്റെ നേതൃത്വത്തിൽ പിടികൂടിയ ഇവരെ ആംബുലൻസ് എത്തിച്ചാണ് ആരോഗ്യവകുപ്പ് കാസർകോട്ടേക്ക് മാറ്റിയത്. 28 ദിവസം ഇവരെ ക്വാറന്റെെനിൽ ആക്കും. കൂടുതൽ കഞ്ചാവ് കടത്തുകാരെ നിരീക്ഷണത്തിലാക്കാനാണ് പൊലീസ് നീക്കം.
കഞ്ചാവ് കൈമാറ്റത്തിലും കൊവിഡ് പകരുമെന്നാണ് പറയുന്നത്. കൊവിഡ് രോഗം സ്ഥിരീകരിച്ചു ആശുപത്രിയിലെ ഐസൊലേഷനിൽ കഴിയുന്നവരിൽ കഞ്ചാവിന് അടിമയായ ഒരു രോഗിയുമുണ്ട്. നാളുകളായി കഞ്ചാവ് ലോബിയുമായി ഇയാൾക്ക് അടുത്ത ചാങ്ങാത്തവുമുണ്ടായിരുന്നു. ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നത്തിനുള്ള അന്വേഷണം ആണ് കഞ്ചാവ് മാഫിയയിൽ എത്തിയത്. ഇയാളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ആരോഗ്യ വകുപ്പും പൊലീസും കഞ്ചാവ് ലോബിയെ പൂട്ടാൻ തീരുമാനിക്കുകയായിരുന്നു.
പറശിനിക്കടവ്, അഴീക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ കഞ്ചാവ് വില്പനക്കാരെയും പൊലീസ് തിരയുകയാണ്. അതിനിടെ അടുത്ത കാലത്തായി ഇയാൾക്ക് നാട്ടിലെ കഞ്ചാവ് ലോബിയുമായി ബന്ധമില്ലെന്നാണ് പൊലിസ് അന്വേഷണം നടത്തിയപ്പോൾ ലഭിച്ച വിവരം. ഇവിടത്തെ കഞ്ചാവ് കടത്തുകാരുമായി തെറ്റിപ്പിരിഞ്ഞാണ് ഇയാൾ കർണ്ണാടകയിലേക്കും മറ്റും പോയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.