കോട്ടയം: സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങാൻ കേന്ദ്ര സർക്കാർ ഇന്ത്യൻ റെയിൽവേയ്ക്ക് പച്ചക്കൊടി കാട്ടിയതോടെ പായിപ്പാട്ടെ 4,500ഓളം വരുന്ന അന്യസംസ്ഥാന തൊഴിലാളികൾ ആഹ്ലാദതിമിർപ്പിൽ. ആഹ്ലാദം അതിരുവിടുമെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കി. ഇന്നലെ തൊഴിലാളികൾ കൂട്ടംകൂടിയതോടെ ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് ക്യാമ്പുകളിൽ എത്തി തൊഴിലാളികളുമായി ചർച്ചനടത്തി.
ഏറ്റവും അടുത്തദിവസം തന്നെ ട്രെയിൻ തരപ്പെടുത്തിക്കൊടുക്കാമെന്ന ഉറപ്പിന്മേൽ തൊഴിലാളികൾ ക്യാമ്പുകളിലേക്ക് മടങ്ങി. ഇവരെ നാട്ടിലേക്ക് അയയ്ക്കാൻ സാധിച്ചേക്കുമെന്ന് ഡിവൈ.എസ്.പി എസ്.സുരേഷ് കുമാർ ശുഭാപ്തി വിശ്വാസം രേഖപ്പെടുത്തി. ഇതിനു മുന്നോടിയായുള്ള മെഡിക്കൽ പരിശോധന ഇന്നുതന്നെ ആരംഭിക്കും. രോഗം ഇല്ലെന്ന് ബോദ്ധ്യപ്പെട്ടാൽ മാത്രമേ ഇവരെ നാട്ടിലേക്ക് അയയ്ക്കുകയുള്ളു. ബംഗാളിൽ നിന്നുള്ള തൊഴിലാളികളാണ് ഇവിടെ അധികമുള്ളത്. ഒരു ട്രെയിനിൽ 1200 പേരെയാവും അയയ്ക്കുക.
എന്നാൽ പൂവന്തുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഒരുകൂട്ടം അന്യസംസ്ഥാന തൊഴിലാളികൾ ഉടൻ നാട്ടിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് തെരുവിൽ ഇറങ്ങിയതോടെ ജില്ലാ കളക്ടർ പി.കെ സുധീർബാബു, ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് എന്നിവർ സ്ഥലത്തെത്തി ഇവരുമായി ചർച്ചനടത്തി. എന്നിട്ടും അവർ പിരിഞ്ഞുപോവാൻ കൂട്ടാക്കിയില്ല. തുടർന്ന് ഡിവൈ.എസ്.പിമാരായ ശ്രീകുമാർ, എസ്.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ലാത്തി വീശി ഇവരെ പിന്തിരിപ്പിച്ചു.