കണ്ണൂർ: കൊവിഡ് 19 തൊട്ടടുത്ത കാസർകോട് ജില്ലയിലെത്തിയപ്പോൾ പോലും ജാഗ്രത കാട്ടുന്നതിൽ പറ്റിയ വീഴ്ചയാണ് കണ്ണൂരിനെ ഇന്ന് റെഡ് സോണിലെത്തിച്ചത്. സംസ്ഥാനത്ത് ഈ പട്ടികയിൽ അവശേഷിക്കുന്ന രണ്ട് ജില്ലകളിൽ ഒന്നാണ് കണ്ണൂർ. തുടക്കത്തിൽ ജില്ലാ ഭരണകൂടവും പൊലീസും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസവും രോഗ പ്രതിരോധ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചെന്നും ആക്ഷേപമുണ്ട്.
ജനങ്ങൾക്ക് സഞ്ചരിക്കാനുള്ള എല്ലാ വഴികളും അടക്കുകയും മാദ്ധ്യമ പ്രവർത്തകരെ പോലും തെരുവിലിട്ട് മർദ്ദിക്കുകയും ചെയ്യുന്ന വിധമായിരുന്നു ഒടുവിൽ കണ്ണൂരിലെ പൊലീസ് രാജ്. ഇതേ തുടർന്ന് നടപടികളുടെ മേധാവിത്വം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി ആഭ്യന്തര സെക്രട്ടറിയ്ക്ക് ഉത്തരവിടേണ്ടി വന്നു. കണ്ണൂരോട് ചേർന്ന കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ കൊവിഡ് ബാധിച്ച് വൃദ്ധൻ മരിച്ചതോടെയാണ് ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമായത്. പരിയാരത്തെ ഗവ. മെഡിക്കൽ കോളേജിൽ അദ്ദേഹം മരിച്ചതോടെ തലശേരിയോട് ചേർന്ന പല സ്ഥലങ്ങളിലുള്ളവരുമായും ബന്ധപ്പെട്ടിരുന്നതായി വ്യക്തമായി. ഇതിന് പിന്നാലെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
പൊലീസ് നിലവിൽ കർശന സുരക്ഷ ഒരുക്കുന്നുണ്ടെങ്കിലും ആദ്യ ഘട്ടത്തിൽ തീർത്തും പരാജയമായിരുന്നെന്നാണ് വിലയിരുത്തൽ. കൊവിഡ് ബാധ സംശയിച്ച് ഇപ്പോൾ ജില്ലയിൽ 2560 പേർ നിരീക്ഷണത്തിലുണ്ട്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 58 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ രണ്ടു പേരും ജില്ലാ ആശുപത്രിയിൽ ആറു പേരും കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ 36 പേരും വീടുകളിൽ 2458 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ 3685 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3251 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 2877 എണ്ണം നെഗറ്റീവാണ്. 434 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ആദ്യ ഘട്ടത്തിൽ തന്നെ ആശുപത്രികൾ ഏറ്റെടുക്കാൻ തയ്യാറായിരുന്നെങ്കിൽ സ്ഥിതി ഇത്രത്തോളം രൂക്ഷമാകുമായിരുന്നില്ല.
ഇതിനിടെ വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്നതിനായി നോർക്ക ഏർപ്പെടുത്തിയ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു. 203 രാജ്യങ്ങളിൽ നിന്നായി 3,79,672 വിദേശ മലയാളികളും ഇതര സംസ്ഥാനങ്ങളിൽ നിന്നായി 1,20,887 പേരും ഉൾപ്പെടെ മൊത്തം 500059 പേരാണ് രജിസ്റ്റർ ചെയ്തത്. ഇതര സംസ്ഥാന പ്രവാസി രജിസ്‌ട്രേഷനിൽ കണ്ണൂർ ജില്ലയിൽ നിന്ന് 15,279 പേർ രജിസ്റ്റർ ചെയ്തു. 42754 വിദേശ പ്രവാസികളും കണ്ണൂരിലേക്കെത്തും. ഇവരുടെ വരവ് ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങളും ആശങ്കയുണ്ടാക്കുന്നുണ്ട്. അതിർത്തി ജില്ലയായതിനാൽ മാക്കൂട്ടം വഴി ജില്ലയിൽ നേരത്തെ എത്തിയവരും രോഗ വാഹകരായെന്ന് സംശയിക്കുന്നുണ്ട്.