പതിനായിരക്കണക്കിന് ഡയപ്പറുകളാണ് ദിനം പ്രതി ഭൂമിയിലേക്ക് വലിച്ചെറിയപ്പെടുന്നത്. യാത്രാവേളകളിൽ കുട്ടികൾക്ക് സൗകര്യപ്രദമെന്ന നിലയിലാണ് പലരും ഡയപ്പർ ഉപയോഗിക്കുന്നത്. ഒരാൾ ഒരു വർഷത്തിൽ 1800 ഡയപ്പറുകൾ വലിച്ചെറിയുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ മാലിന്യ നിർമാർജ്ജനത്തിന്റെ കാര്യത്തിൽ എല്ലാവർക്കും ആശങ്കയാണ്. വീടിന് ചുറ്റും കോൺക്രീറ്റ് മുറ്റം പണിതവർക്കും ഫ്ളാറ്റിൽ താമസിക്കുന്നവർക്കും ചെടികൾ നടാനുള്ള ഒരു ഉഗ്രൻ വഴിയാണ് ഡയപ്പറുകൾ. വലിച്ചെറിയുന്ന ഡയപ്പറുകൾ കൊണ്ട് ഉഗ്രൻ കമ്പോസ്റ്റുണ്ടാക്കാം. വെള്ളവും മണ്ണും വളരെ കുറച്ച് മതിയാകും ഇത്തരം ഡയപ്പർ കമ്പോസ്റ്റിന്. ഡയപ്പറുകളുടെ ഉള്ളിൽ ഈർപ്പം തങ്ങി നില്ക്കാൻ സഹായിക്കുന്ന പോളിക്രിലെറ്റ് ക്രിസ്റ്റലുകളെയാണ് കമ്പോസ്റ്റ് നിർമ്മിക്കാനായി ഉപയോഗിക്കുന്നത്.
ഭക്ഷണം ഉത്പാദിപ്പിക്കുന്ന വിളകൾക്കോ ഫല വർഗ്ഗങ്ങൾ ഉണ്ടാകുന്ന ചെടികൾക്കോ ഈ കമ്പോസ്റ്റ് ഉപയോഗിക്കരുത്. പൂച്ചെടികൾ, മരങ്ങൾ, പുൽത്തകിടികൾ എന്നിവക്കുള്ള കമ്പോസ്റ്റ് ആയി മാജിക്ക് വാട്ടർ ഉള്ള പോളിക്രിലെറ്റ് ക്രിസ്റ്റലുകളെ ഉപയോഗപ്പെടുത്താം. ഇത് മണ്ണുമായി ചേരുമ്പോൾ നൈട്രജൻ ഉത്പാദിപ്പിക്കപ്പെടുന്നു. കമ്പോസ്റ്റ് ഉണ്ടാക്കാനായി ഡയപ്പർ മുഴുവനും ആവശ്യമില്ല. ഇലാസ്റ്റിക് വരുന്ന ഭാഗങ്ങളെ കൈ കൊണ്ട് ഒരറ്റം മുതൽ മറ്റേ അറ്റം വരെ വലിച്ചു കീറിയെടുക്കുക. അതിനുള്ളിലുള്ള ജെല്ലുകളെ മാത്രം പുറത്തെടുക്കുക. മലം അടങ്ങിയ ഡയപ്പറുകൾ ഇതിനായി ഉപയോഗിക്കരുത്.
ഒരു പഴയ ബക്കറ്റിൽ അര ഇഞ്ച് പൊക്കത്തിൽ മണ്ണും കരിയിലകളും ഇട്ടതിനു ശേഷം ഡയപ്പറിൽ നിന്നെടുത്ത ജെല്ലുകളെ മീതെയിടുക. രണ്ടോ മൂന്നോ ദിവസത്തെ ഡയപ്പറുകൾ ഒരുമിച്ചു ഇതിനായി ഉപയോഗിക്കാം. ഇതിനു മീതെ വീണ്ടും അര ഇഞ്ച് പൊക്കത്തിൽ മണ്ണിടാം. ഒരു മാസം ഇങ്ങനെ വച്ചതിനു ശേഷം നന്നായി ഇളക്കിയെടുത്ത് ചെടികൾക്കും മരങ്ങൾക്കും കമ്പോസ്റ്റ് ആയി ഉപയോഗിക്കാം.
ഇതിൽ നിന്നും ദുർഗന്ധം വമിക്കുകയോ ഈച്ചകൾ പൊതിയുകയോ ചെയ്യില്ല. ചെടികൾക്ക് ഒഴിക്കുന്ന വെള്ളത്തെ തങ്ങി നിർത്താൻ പോളിക്രിലെറ്റ് ക്രിസ്റ്റലുകൾക്ക് കഴിവില്ലാതുകൊണ്ടാണ് ഇതിനെ കമ്പോസ്റ്റ് ആയി ഉപയോഗപ്പെടുത്തുന്നത്. ഡയപ്പറിന്റെ മറ്റു ഭാഗങ്ങൾ മണ്ണിൽ ദ്രവിച്ചു പോകാത്തതിനാൽ അവയെ കത്തിച്ചു കളയുക തന്നെ വേണം. ജെൽ ഭാഗങ്ങൾ ഒഴിവായതിനാൽ ഡയപ്പർ വേഗം കത്തി നശിച്ചോളും. ജെൽ കത്തിക്കാൻ ശ്രമിക്കുമ്പോഴുള്ള പുക മലിനീകരണവും ഇതിലൂടെ ഒഴിവാക്കാം.