സോൾ: കഴിഞ്ഞ ഒരാഴ്ചയായി മരണ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്ന കിം ജോംഗ് ഉൻ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കിമ്മിന്റെ ആരോഗ്യസ്ഥിതിയെ പറ്റിയുള്ള ചർച്ചകളുടെ പെരുമഴയായിരുന്നു. ചൈനീസ് ഡോക്ടർമാർ ഉത്തര കൊറിയയിൽ എത്തുന്നതിന് മുമ്പ് തന്നെ കിം മരണത്തിന് കീഴടങ്ങിയതായുള്ള വാർത്തകൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പരന്നിരുന്നു. ഇതാദ്യമായല്ല കിം പൊതുവേദികളിൽ നിന്നും അപ്രത്യക്ഷനാകുന്നത്.
ഫെബ്രുവരിയിൽ ഏകദേശം മൂന്ന് ആഴ്ചയോളം കിം അപ്രത്യക്ഷനായിരുന്നു. എന്നാൽ കിമ്മിന്റെ അസാന്നിദ്ധ്യം അന്ന് ചർച്ചയായില്ല. 2014ൽ 40 ദിവസത്തോളം കിമ്മിനെ കാണാനില്ലായിരുന്നു. അട്ടിമറിയിലൂടെ കിമ്മിനെ പുറത്താക്കിയെന്ന് വരെ അന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഒരു ഊന്നുവടിയുമായി കിം വീണ്ടും പ്രത്യക്ഷപ്പെട്ടു. അതോടെ കിമ്മിന് വാത സംബന്ധമായ രോഗങ്ങൾ ഉള്ളതായി അഭ്യൂഹങ്ങൾ ഉയർന്നു. കിമ്മിന്റെ കണങ്കാലിൽ ശസ്ത്രകിയ നടന്നിരുന്നതായി ദക്ഷിണ കൊറിയൻ ഇന്റലിജൻസ് വൃത്തങ്ങൾ പറയുകയുണ്ടായി.
എന്നാൽ ഇതിനൊന്നു ഉത്തര കൊറിയയുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല. ഇന്ന് പുറത്ത് വിട്ടിരിക്കുന്നത് പോലെയുള്ള പൊതുവേദിയിൽ നിൽക്കുന്ന കിമ്മിന്റെ ഫോട്ടോകളിലൂടെയായിരുന്നു ഉത്തര കൊറിയയുടെ മറുപടി.
ഉത്തര കൊറിയയുടെ സ്ഥാപകനും കിമ്മിന്റെ മുത്തച്ഛനുമായ കിം ഇൽ സൂംഗിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ഏപ്രിൽ 15ന്. ' ദ ഡേ ഒഫ് ദ സൺ ' എന്നറിയപ്പെടുന്ന ഈ ദിനം ഉത്തര കൊറിയൻ ജനതയുടെ ദേശീയ ആഘോഷമാണ്.
ഉത്തര കൊറിയൻ ഭരണാധികാരികൾ എല്ലാ തിരക്കുകളും മാറ്റി വച്ച് മുടങ്ങാതെ പ്രത്യക്ഷപ്പെടുന്ന ദിനം. കിം ഇത്രയും വർഷം ജന്മവാർഷിക ചടങ്ങുകളിൽ നിന്നും വിട്ട് നിന്നിട്ടില്ല. എന്നാൽ ഇത്തവണ ആഘോഷങ്ങൾക്കൊന്നും കിമ്മിനെ കണ്ടില്ല. അതോടെ കിമ്മിന് എന്ത് സംഭവിച്ചു എന്നായി എല്ലാവരുടെയും ആലോചന. ഉത്തര കൊറിയയ്ക്കുള്ളിലെ തന്നെ ഉറവിടങ്ങളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ പുറത്തുവിടുന്ന ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ ഡെയ്‌ലി എൻ.കെയാണ് സംഭവത്തിൽ വഴിത്തിരിവുണ്ടാക്കിയത്.
കിമ്മിന് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതായും ചികിത്സയിലാണെന്നും പേര് വെളിപ്പെടുത്താത്ത ഉറവിടത്തെ ഉദ്ധരിച്ച് ഡെയ്‌ലി എൻ.കെ വാർത്ത പുറത്തുവിട്ടു. ഇതോടെ യു.എസിന്റേതുൾപ്പെടെയുള്ള ഇന്റലിജൻസ് ഏജൻസികൾ കാര്യങ്ങൾ സസൂഷ്മം നിരീക്ഷിക്കാൻ തുടങ്ങി. കിം അതീവ ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്ക മരണം സംഭവിച്ചതുമായുള്ള വാർത്തകൾ ഈ ഏജൻസികൾ പുറത്തുവിട്ടു. എന്നാൽ കിം അത്യാസന്ന നിലയിലാണെന്ന വാർത്തകൾ ദക്ഷിണ കൊറിയ തള്ളിയിരുന്നു.
ചൈനീസ് സോഷ്യൽ മീഡിയയും സംഭവം ആഘോഷമാക്കി. എന്നാൽ എല്ലാ വാർത്തകളും സത്യാമാണെന്ന് സ്ഥിരീകരിക്കാൻ കഴിയില്ലല്ലോ. ഉത്തര കൊറിയയുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണം ഉണ്ടാകാത്ത സ്ഥിതിയ്ക്ക് അഭ്യൂഹങ്ങളുടെ ആക്കം കൂടി. കിമ്മിന്റെ ട്രെയിൻ, വോൻസാൻ നഗരത്തിലെ കിമ്മിന്റെ റിസോർട്ട് തുടങ്ങിയവയുടെ ഉപഗ്രഹ ചിത്രങ്ങളും മറ്റും വിശകലനം ചെയ്തു. കഴിഞ്ഞ കുറേ ദിവസങ്ങളായി കിമ്മിന്റെ ട്രെയിൻ സഞ്ചരിച്ചിട്ടില്ലെന്ന് കണ്ടെത്തി.
കിമ്മിനെ പറ്റിയുള്ള അഭ്യൂഹങ്ങൾക്കെല്ലാം പിന്നിൽ ഉത്തര കൊറിയയിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് നാടുവിട്ട വിദഗ്ദരുടെ പിന്തുണയുമുണ്ടായിരുന്നു. ഉത്തര കൊറിയയെ സംബന്ധിച്ച കിംവദന്തികൾ അങ്ങനെയൊന്നും അവസാനിക്കില്ല. കഴിഞ്ഞ 30 വർഷങ്ങളായി തുടരുന്ന ഒന്നാണിത്. ഉത്തര കൊറിയയിൽ നിന്നും തന്നെയാണ് ഇത്തരം അഭ്യൂഹങ്ങൾ ഉടലെടുക്കുന്നതും. ആദ്യമൊക്കെ ഉത്തര കൊറിയയുടെ വിദേശ വ്യാപാര നേതൃത്വത്തിൽ പ്രവർത്തിക്കുന്നവരായിരുന്നു കിംവദന്തികളുടെ ഉറവിടങ്ങൾ.
ഉത്തര കൊറിയയുടെ വിദേശകാര്യ മേഖലയിലെ മുൻ ഉദ്യോഗസ്ഥൻമാരിൽ ചിലർ ഇപ്പോൾ ദക്ഷിണ കൊറിയയിലും ജപ്പാനിലും യു.എസിലുമായാണ് കഴിയുന്നത്. ഇവരിൽ നിന്നാണ് മിക്കപ്പോഴും ഉത്തര കൊറിയയുടെ ഉള്ളിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ കഴിയുന്നത്. ശരിക്കും കിമ്മിന്റെ ആരോഗ്യകാര്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ വളരെ കുറച്ച് പേർക്ക് മാത്രമേ അറിയാൻ സാധിക്കുകയുള്ളു. 1986ൽ കിമ്മിന്റെ മുത്തച്ഛൻ കിം ഇൽ സൂംഗിന് ഹൃദയാഘാതം ഉണ്ടായതായി വ്യാജ വാർത്തകൾ ഉണ്ടായിരുന്നു.
1990നും 1992നും ഇടയിൽ കിമ്മിന്റെ അച്ഛൻ കിം ജോംഗ് ഇല്ലും കിമ്മിന്റെ മുത്തച്ഛനും വെടിയേറ്റ് മരിച്ചതായുള്ള അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഉത്തര കൊറിയയിലെ നോർത്ത് ഹാംഗ്യോംഗ് പ്രവിശ്യയിൽ സൈനിക അട്ടിമറി സംബന്ധിച്ച വാർത്തകൾ പുറത്തു വന്നിട്ടുണ്ടെങ്കിലും അതേ പറ്റി യാതൊരു വിവരവും നമുക്കറിയില്ല.
കിം ജോംഗ് ഉൻ 2003ൽ തന്നെ മരിച്ചതായും സിനിമയിൽ സ്റ്റണ്ട് സീനിനൊക്കെ ഉപയോഗിക്കുന്ന പോലെ കിമ്മിനോട് സാമ്യമുള്ള ഒരു അപരനെയയാണ് നാം ഇപ്പോൾ കാണുന്നതെന്നും രസകരമായ പ്രചരണങ്ങൾ ലോകത്തിന്റെ വിവിധ ഭാഗത്തുണ്ട്. ഉത്തര കൊറിയയെ പറ്റി ഇനിയും കിംവദന്തികളും അഭ്യൂഹങ്ങളും ഉണ്ടാകുമെന്നതിൽ സംശയമില്ല. ഉത്തര കൊറിയ ആകട്ടെ ഇതിനൊടൊന്നും പ്രതികരിക്കുകയുമില്ല.