ഡൽഹി:- രാജ്യത്ത് ലോക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടിയ അറിയിപ്പ് വെള്ളിയാഴ്ച പുറത്തിറക്കി കഴിഞ്ഞു.ഇതുവരെ തുടർന്നു വരുന്ന ലോക്ഡൗൺ നിയന്ത്രണങ്ങൾ ഫലപ്രദമാണെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. രോഗവ്യാപന സാധ്യത കൂടിയ മേഖലയെ റെഡ് സോണായും വളരെ കുറവുള്ള മേഖലയെ ഗ്രീൻ സോണായും ഇതിനിടയിലുള്ളത് ഓറഞ്ച് സോണായും തിരിച്ചിട്ടുണ്ട്. വളരെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പൊതുജനം പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശം ഇപ്പോഴും തുടരുകയാണ്. ഡൽഹി, ചെന്നൈ, അഹമ്മദാബാദ്,മുംബൈ, ബംഗളുരു എന്നീ റെഡ് സോണിലുൾപ്പെടുന്ന നഗരങ്ങൾ പൂർണ്ണമായും അടഞ്ഞു തന്നെ കിടക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ലോക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ ഇവയാണ്.
ജനസുരക്ഷക്കായി രാത്രി 7 മുതൽ രാവിലെ 7 വരെയുള്ള സമയത്ത് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ. 65 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർ, പലതരം രോഗങ്ങളുള്ളവർ,ഗർഭിണികൾ, പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾ ഇവരെല്ലാം വീട്ടിൽ തന്നെ കഴിയണം.
വിമാനം, മെട്രോ, റെയിൽ, സംസ്ഥാനങ്ങൾ കടന്നുള്ള റോഡ് ഗതാഗതം ഇവക്ക് പൂർണ്ണ നിരോധനം. സ്കൂൾ, കോളേജ്, ഹോസ്റ്റൽ, റെസ്റ്റോറന്റുകൾ, സിനിമ തീയേറ്ററുകൾ, മാളുകൾ,ഷോപ്പിംഗ് സെന്ററുകൾ, ജിം,കായിക പരിശീലന കേന്ദ്രങ്ങൾ ഇവ അടഞ്ഞുതന്നെ കിടക്കും. സാമൂഹ്യ, മതപര, രാഷ്ട്രീയ യോഗങ്ങൾ അനുവദിക്കില്ല.
സംസ്ഥാനങ്ങൾ തോറുമുള്ള ചരക്ക് ഗതാഗതം അനുവദിക്കും. പ്രത്യേക അനുമതിയോടെ റെയിൽ, വ്യോമയാന ഗതാഗതം അനുവദിക്കും.
റെഡ് സോണുകളിൽ അത്യാവശ്യ കാര്യങ്ങൾക്ക് ഇ-കൊമേഴ്സ് സംവിധാനം അനുവദിക്കും. ഗ്രാമങ്ങളിൽ ഒറ്റപ്പെട്ട ചെറുകടകൾ തുറക്കാം. കാറുകളിൽ ഡ്രൈവറെ കൂടാതെ രണ്ട് പേരെയും ബൈക്കിൽ ഒരാളെ മാത്രമേ അനുവദിക്കൂ.
സ്വകാര്യ സ്ഥാപനങ്ങളിൽ 33 ശതമാനം ആളുകളെ ഉപയോഗിച്ച് പ്രവർത്തിക്കാം. മറ്റുള്ളവരെ വർക് ഫ്രം ഹോം രീതി അവലംബിക്കണം. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ആരോഗ്യ സേതു ആപ്പ് നിർബന്ധമായും ഡൗൺലോഡ് ചെയ്തിരിക്കണം.
കൊറിയർ, പോസ്റ്റൽ സംവിധാനങ്ങൾക്ക് പ്രവർത്തിക്കാം. ബാങ്കുകൾ, ജലം, വൈദ്യൂതി,ശുചീകരണം, മാലിന്യ സംസ്കരണം, ഇന്റർനെറ്റ്, ആശയവിനിമയ സംവിധാനങ്ങൾ പ്രവർത്തിക്കും.
മാദ്ധ്യമ സ്ഥാപനങ്ങൾ, ഐ.ടി, ഐ.ടി അനുബന്ധ സ്ഥാപനങ്ങൾ, ഡേറ്റാ കോൾ സെന്ററുകൾ, ഇലക്ട്രീഷ്യന്മാർ , വെയർഹൗസുകൾ, സ്വകാര്യ സെക്രൂരിറ്റി സ്ഥാപനങ്ങൾ, പ്ളംബിംഗ് ഇവർക്ക് പ്രവർത്തന അനുമതിയുണ്ട്.
ഗ്രീൻ, ഓറഞ്ച് സോണുകളിൽ മദ്യം, പുകയില പോലെയുള്ളവ വിൽക്കുന്ന സ്ഥാപനങ്ങളെ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ അനുവദിക്കും. എന്നാൽ ഇവിടെ വ്യക്തികൾ തമ്മിൽ ആറടി അകലം കർശനമായി പാലിക്കണം. ഒരേ സമയം അഞ്ചിലധികം ആളുകളെ അനുവദിക്കുകയുമില്ല.
ഓറഞ്ച് സോണുകളിൽ ടാക്സികളും മൊബൈൽ ടാക്സികളും അനുവദിക്കും. രണ്ട് യാത്രക്കാരാകാം. ഇരുചക്ര വാഹനങ്ങളിൽ രണ്ട്പേർക്ക് യാത്രചെയ്യാം.
രാജ്യത്തെ ഗ്രീൻ സോണുകളിൽ സാധാരണ പോലെ ജനജീവിതമാകാം. എന്നാൽ ബസുകളിൽ സീറ്റിൽ പകുതി യാത്രക്കാർ മാത്രമേ പാടുള്ളൂ.