mother-cat

സ്വന്തം കുഞ്ഞിന് എന്തെങ്കിലുമൊരു അസുഖമോ അപകടമോ പറ്റിയാൽ ഒരമ്മയ്ക്കും സഹിക്കാൻ കഴിയില്ല. അങ്ങനെയൊരു കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഒരു അമ്മപ്പൂച്ച തന്റെ സുഖമില്ലാത്ത കുഞ്ഞിനെയും കടിച്ചുപിടിച്ചുകൊണ്ട് ആശുപത്രിയിലെത്തിയ കഥ. തുർക്കിയിലെ ഇസ്താംബൂളിലാണ് സംഭവം നടന്നത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കാണ് അമ്മപ്പൂച്ച കുഞ്ഞുമായി എത്തിയത്.

നിരവധി ‍‍‍ഡോക്ടർമാരും നഴ്സുമാരും രോഗികളും അവിടെയുണ്ടായിരുന്നു. ഒന്ന് അമ്പരന്നു എങ്കിലും ഒട്ടും വൈകാതെ തന്നെ ഡോക്ടർമാർ പൂച്ചയ്ക്കുവേണ്ട ശുശ്രൂഷ നല്‍കുകയും ചെയ്തു. അമ്മപ്പൂച്ചയ്ക്ക് ഭക്ഷണവും പാലും നല്‍കി. ശേഷം വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി. പൂച്ചക്കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ഡോക്ടർമാർ പറയുന്നു. കുഞ്ഞിനെ ഡോക്ടർമാർ പരിശോധിക്കുന്ന സമയം മുഴുവൻ അമ്മ പൂച്ച എവിടേക്കും പോവാതെ അവർക്കരികിൽ ഇരിക്കുകയായിരുന്നെന്നും അധികൃതർ വ്യക്തമാക്കി.

തത്സമയം അവിടെയുണ്ടായിരുന്ന മെർവ് ഓസ്കൻ ആണ് ചിത്രങ്ങൾ പകർത്തിയതും സോഷ്യൽ മീഡിയയിൽ പങ്കുവച്ചതും. ആയിരക്കണക്കണക്കിന് തെരുവു പൂച്ചകളും നായകളും തുർക്കിയിലുണ്ട്.. തെരുവിലെ മൃഗങ്ങൾക്കായി ഭക്ഷണവും ജലവും എല്ലായിടത്തും കരുതിയിട്ടുണ്ട്.തെരുവു മൃഗങ്ങൾക്ക് ജീവിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് തുർക്കി