kaumudy-news-headlines

1. തിരുവനന്തപുരത്ത് കൊവിഡ് പരിശോധന ഫലത്തില്‍ വ്യത്യാസം വന്ന രണ്ടു പേരുടെയും ആദ്യമെടുത്ത സ്രവം രാജീവ് ഗാന്ധി സെന്ററില്‍ തന്നെ വീണ്ടും പരിശോധിച്ചപ്പോള്‍ ഫലം നെഗറ്റീവ്. ഇവിടെ നിന്ന് ആദ്യം നല്‍കിയ ഫലം അനുസരിച്ച് രണ്ടുപേരും പോസിറ്റീവ് ആയിരുന്നു. ഇത്തവണ സംസ്ഥാനം നല്‍കിയ കിറ്റിലായിരുന്നു പരിശോധന എന്ന് ആര്‍.ജി.സി.ബി വ്യക്തമാക്കി. ഇതിനിടെ ഫലത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ സാമ്പിള്‍ ആലപ്പുഴ വൈറോളജി ലാബില് അയച്ചു. പരിശോധന ഫലം സംബന്ധിച്ച് അവ്യക്തതകള്‍ ഉയര്‍ന്നതോടെ ബുധനാഴ്ച കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയവരുടെ ആദ്യമെടുത്ത സ്രവ സാമ്പിള്‍ ഇന്നലെ രാജീവ് ഗാന്ധി സെന്ററില്‍ തന്നെ വീണ്ടും പരിശോധിക്കുക ആയിരുന്നു.


2. അതിനിടെ, ഡീന്‍ കുര്യാക്കോസ് എം.പി അടക്കം 14 പേര്‍ക്കെതിരെ ലോക്ക് ഡൗണ്‍ ലംഘനത്തിന് കേസെടുത്തു. ഇടുക്കി മെഡിക്കല്‍ കോളേജിന് മുന്നില്‍ ഡീന്‍ നടത്തിയ ഉപവാസത്തില്‍ ആളുകള്‍ കൂട്ടം കൂടിയതിനാണ് കേസ്. കഴിഞ്ഞ ദിവസമാണ് ഡീന്‍ കുര്യാക്കോസിന്റെ ഉപവാസ സമരം നടന്നത്. ഇടുക്കിയില്‍ കോവിഡ് സ്രവ പരിശോധനയ്ക്ക് പി.സി.ആര്‍ ലാബ് അനുവദിക്കുക, ഇടുക്കിയോട് സര്‍ക്കാര്‍ തുടരുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസ സമരം നടത്തിയത്. ഇതില്‍ ആളുകള്‍ കൂട്ടം കൂടിയതിനാണ് ഡീന്‍ കുര്യാക്കോസ് അടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
3. മേയ് മൂന്നിന് ശേഷം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ എന്തൊക്കെ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം തുടങ്ങി. റവന്യൂമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കുന്നു. കേന്ദ്ര മാര്‍ഗ നിര്‍ദേശത്തില്‍ സംസ്ഥാനത്തിന്റെ തീരുമാനം ഇന്ന് ഉണ്ടാകുമെന്ന് ചീഫ് സെക്രട്ടറി. പൊതു ഗതാഗത സംവിധാനം മേയ് 15 വരെ ഒഴിവാക്കും എങ്കിലും റെഡ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളോടെ സ്വകാര്യ വാഹനങ്ങള്‍ അനുവദിച്ചേക്കും.
4. റെഡ് സോണായി രണ്ട് ജില്ലകള്‍ ഒഴികെ ബാക്കിയുള്ള ജില്ലകളില്‍ നിലവിലെ നിയന്ത്രങ്ങളില്‍ ഇളവ് വരുത്താനുള്ള ആലോചനകള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് പൊതു ജനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. പൊതുഗതാഗതം, അന്തര്‍സംസ്ഥാന യാത്രകള്‍, സിനിമ തീയറ്റര്‍ ,മാളുകള്‍ ,ആരാധനാലയങ്ങള്‍ എന്നിവയ്ക്കുള്ള നിയന്ത്രണം എല്ലാ ജില്ലകളിലും തുടരും. കൂടുതല്‍ കച്ചവട സ്ഥാപനങ്ങള്‍ തുറക്കാനുള്ള തീരുമാനവും ഉണ്ടായേക്കും.
5. എന്നാല്‍ അന്തര്‍ ജില്ലാ യാത്രകള്‍ക്ക് നിയന്ത്രണമുണ്ടാകും. ഓറഞ്ച് സോണില്‍ ടാക്സികള്‍ അനുവദിക്കും. കേന്ദ്ര നിര്‍ദ്ദേശ പ്രകാരം 50 ശതമാനം ആളുകളെ ഉള്‍പ്പെടുത്തി ബസ് സര്‍വ്വീസ് നടത്താമെങ്കിലും മേയ് 15 വരെ അതേകുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നില്ല എന്നാണ് വിവരം. എന്നാല്‍ സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള നിയന്ത്രങ്ങല്‍ കര്‍ശനം ആക്കി ആയിരിക്കും എല്ലാ മേഖലകളിലും ഇളവുകള്‍ നല്‍കുന്നത്. ഉന്നതതല യോഗത്തില്‍ സംസ്ഥാനത്തെ ഇതുവരെയുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്തും. എന്നാല്‍ ലോക്ഡൗണ്‍ തുടരുന്നതിനാല്‍ ഇളവുകള്‍ ഗുണം ചെയ്യില്ല എന്നാണ് വ്യാപാരികള്‍ പറയുന്നത്
6. ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ തൃശ്ശൂര്‍ പൂരം ഇന്ന്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പൂരം ചടങ്ങു മാത്രമാകും. അഞ്ച് ആളുകള്‍ പങ്കെടുക്കുന്ന ക്ഷേത്രത്തിന് അകത്തെ ചടങ്ങുകളാണ് നടക്കുക. കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നതോടെ ആണ് പൂരത്തിന് തുടക്കമാകാറ്. എന്നാല്‍ എട്ട് ഘടക പൂരങ്ങള്‍ ഇന്ന് എഴുന്നിള്ളി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എത്തില്ല. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പൂരം ചടങ്ങു മാത്രമാക്കി നടത്താനാണ് തീരുമാനിച്ച് ഇരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഘടക ക്ഷേത്രങ്ങളില്‍ കൊടിയേറ്റം പോലും ഉണ്ടായിരുന്നില്ല
7. ആസ്വാദകരുടെ മനം കവരുന്ന ഇലഞ്ഞിതറ മേളത്തിന്റെ താളവും ഇത്തവണയില്ല. പൂര പ്രേമികളുടെ കണ്ണും മനസ്സും നിറക്കുന്ന തെക്കോട്ടിറക്കവും കുടമാറ്റവും കാണാന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടിവരും. നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇന്നലെ നടക്കേണ്ട പൂരവിളംബരവും ഉണ്ടായില്ല. ഇന്ന് ഒരു ആനയെ എഴുന്നള്ളിക്കാന്‍ അനുമതി തേടി പറമേക്കാവ് ദേവസ്വം ജില്ല ഭരണകൂടത്തെ സമീപിച്ചിരുന്നു എങ്കിലും, കലക്ടര്‍ അനുതമി നിഷേധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നേരത്തെ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചത് പോലെ ചരിത്രത്തില്‍ ആദ്യമായി പൂരം ചടങ്ങ് മാത്രമായാകും ഇന്ന് നടക്കുക.
8. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ആരോഗ്യ നിലയെ പറ്റിയുള്ള ഊഹാപോഹങ്ങള്‍ക്ക് അന്ത്യം. കിം ജോംഗ് ഉന്‍ മൂന്നാഴ്ചയ്ക്കു ശേഷം പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടു. ഉത്തര കൊറിയയിലെ സണ്‍ചോന്‍ നഗരത്തില്‍ പുതുതായി നിര്‍മിച്ച വളം നിര്‍മാണ ശാലയുടെ ഉദ്ഘാടത്തിനാണ് കിം ജോംഗ് എത്തിയത്. ദക്ഷിണകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കിം ജോംഗ് ഉന്നിന്റെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കാണ് അവസാനമായത്. ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്നു കിമ്മിനു മസ്തിഷ്‌കമരണം സംഭവിച്ചെന്ന മട്ടില്‍ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഏപ്രില്‍ 11നുശേഷം കിം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്ത സാഹചര്യത്തിലാണ് ഊഹാപോഹങ്ങള്‍ പ്രചരിച്ചത്.
9. കിം ഏപ്രില്‍ 15നു മുത്തച്ഛനും മുന്‍ സര്‍വാധിപതിയുമായ കിം ഇല്‍ സുരാഗിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തില്ല. ഉത്തരകൊറിയയിലെ ഒരു പ്രധാന ദേശീയാഘോഷദിനമാണിത്. ഇതോടെയാണ് കിം വാര്‍ത്തകളില്‍ നിറഞ്ഞത്. 2014ല്‍ കിം ആറാഴ്ചയോളം പൊതുവേദിയില്‍ വന്നില്ല. പിന്നീട് ഒരു ചൂരല്‍ വടിയുമായാണ് പ്രത്യക്ഷപ്പെട്ടത്. കാല്‍ക്കുഴയിലെ ഒരു മുഴ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തി എന്നാണ് പിന്നീട് വാര്‍ത്ത പുറത്തു വന്നത്.