arrest

കോട്ടയം: കൊവിഡ്-19 നെ തുടർന്ന് വീട്ടിലിരിക്കാൻ അവസരം ലഭിച്ചതോടെ കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ മനസിൽ ലഡു പൊട്ടി. പിന്നെ, കൂടുതലൊന്നും ആലോചിച്ചില്ല. രണ്ടു കൂട്ടുകാരെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഒരാൾ പത്ത് ലിറ്ററിന്റെ പ്രഷർകുക്കറും ഗ്യാസ് സിലണ്ടറുമായി സ്ഥലത്തെത്തി. മറ്റേയാൾ മുന്തിരിയും പൈനാപ്പിളും കള്ളും വാങ്ങി. വലിയ പ്ലാസ്റ്റിക് കലത്തിൽ കോട കലക്കി.

ഇന്ന് പുലർച്ചെയാണ് വാറ്റാൻ തുടങ്ങിയത്. ഇതോടെ വാറ്റിന്റെ ഗന്ധം പടർന്നു.

ഞൊടിയിടയിൽ വിവരം ഡിവൈ.എസ്.പി യുടെ ചെവിയിലെത്തി. പിന്നെ താമസിച്ചില്ല. വെളുപ്പിന് അഞ്ചു മണിയോടെ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ കോട്ടമുറി സ്വദേശി റെതീഷിന്റെ വീട് വളഞ്ഞ് മൂന്നു പെരെയും പിടികൂടി. ഒന്നര ലിറ്റർ ചാരായവും പത്തുലിറ്റർ കോടയും പിടികൂടി. ഗ്യാസ് സിലിണ്ടറും കുക്കറുകളും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. റെതീഷിനെ കൂടാതെ സുഞ്ജിത്ത്, സുനിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. തൃക്കൊടിത്താനം സി.ഐ അനൂപ് കൃഷ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട് വളഞ്ഞ് ഇവരെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.