hydrogen-cars

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ഹൈഡ്രജൻ ഇന്ധനമാക്കി ഓടുന്ന വൈദ്യുതി വാഹനങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ഡൽഹിയിലും ലഡാക്കിലെ വാഹനങ്ങളുമാണ് ആദ്യം അവതരിപ്പിക്കുക. ഇതിനായി കേന്ദ്ര വൈദ്യുതമന്ത്രാലയത്തിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻ.ടി.പി.സി.) ആഗോള താത്പര്യപത്രം ക്ഷണിച്ചു.

ആദ്യഘട്ടത്തിൽ പത്തുവീതം ബസുകളും കാറുകളുമാണ് ഇറക്കുക. ഹൈഡ്രജൻ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. അന്തരീക്ഷമലിനീകരണം കുറയ്ക്കാൻ ഇത്തരം വാഹനങ്ങൾ സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ. ടൊയോട്ട, ഹ്യുണ്ടായി, ഹോണ്ട എന്നീ കമ്പനികൾ ഇതിനോടകം ഹൈഡ്രജൻ കാറുകൾ വിപണിയിലിറക്കിയിട്ടുണ്ട്. ചൈനയിൽ ഹൈഡ്രജൻ വാഹനങ്ങൾ സർവീസ് തുടങ്ങിയിട്ടുണ്ട്. കേരളത്തിലും വെള്ളത്തിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ സൗകര്യവും സാധ്യതയും കൂടുതലാണ്.

സൗരോർജം ഉപയോഗിച്ച് വെള്ളത്തെ ഹൈഡ്രജനും ഓക്‌സിജനുമായി വിഘടിപ്പിക്കുകയും ഹൈഡ്രജൻ വേർതിരിച്ച് എടുക്കുകയുമാണ് ചെയ്യുക. കൊച്ചി റിഫൈനറിയിൽ അമേരിക്കൻ കമ്പനിയുടെ സഹായത്തോടെ ഈ സംവിധാനമുണ്ട്. പൈപ്പ്‌ലൈനിലൂടെ ഹൈഡ്രജൻ വിതരണ കേന്ദ്രങ്ങളിലേക്കെത്തിക്കുന്നതിനുള്ള സാങ്കേതികവിദ്യയും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.