തിരുവനന്തപുരം: സാക്ഷരതാ പ്രസ്ഥാനത്തിന്റെ ശില്പി പി.എൻ.പണിക്കരുടെ കൊച്ചുമകൾക്ക് തിരുവനന്തപുരം ഭാരതീയ വിദ്യാഭവൻ സ്‌കൂളിന്റെ പിരിച്ചുവിടൽ നോട്ടീസ്. ലോക്ക് ഡൗൺ വേളയിൽ മേയ് ദിനത്തിലാണ് നോട്ടീസ് തപാൽ മാർഗം ലഭിച്ചത്. ഹയർ സെക്കൻഡറി അദ്ധ്യാപികയാണ്. ഹൈക്കോടതിയിൽ ഇവർ ഫയൽ ചെയ്തിരിക്കുന്ന ഹർജിയുടെ വിധിക്ക് ആധാരമായിരിക്കും തീരുമാനമെന്ന് നോട്ടീസിൽ പറയുന്നു.
നേരത്തെ സ്‌കൂൾ പ്രിൻസിപ്പലിൽ നിന്ന് മാനസിക പീഡനങ്ങൾ നേരിടേണ്ടി വന്നതായി ടീച്ചർ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടതനുസരിച്ച്, വട്ടിയൂർക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്ന വേളയിലാണ് അദ്ധ്യാപികയെ പിരിച്ചുവിടുന്നതായി നോട്ടീസ് അയച്ചത്.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ട് പൊലീസ് കേസെടുത്തിരുന്നു. പൊലീസ് സ്കൂൾ അധികൃതരിൽ നിന്നു തെളിവു ശേഖരണം നടത്തുകയും ചെയ്തിരുന്നു. ടീച്ചർ നൽകിയ പരാതിയിൽ വനിതാ കമ്മിഷൻ അംഗം ഇ.എം. രാധ സ്‌കൂളിലെത്തി സഹ അദ്ധ്യാപകരിൽ നിന്ന് മൊഴിയെടുത്തു. തുടർന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈൻ സ്‌കൂൾ പ്രിൻസിപ്പലിനെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. വനിതാ കമ്മിഷൻ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനിരിക്കയാണ്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ
ഹൈക്കോടതി അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രം പരിഗണിക്കുന്ന വേളയിലാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്. നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് നോട്ടീസ് അയച്ചതെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.