കണ്ണൂർ: ലോക്ക് ഡൗൺ തുടങ്ങിയതോടെ ജോലിയും നാട്ടിലേക്കുള്ള യാത്രയും മുടങ്ങി ലോക്കായി ഉദുമയിലെ സ്പിന്നിംഗ് മിൽ തൊഴിലാളികൾ. മലപ്പുറം ജില്ല മുതൽ തിരുവനന്തപുരം വരെയുള്ള മൂന്ന് വനിതകളടക്കം 17 പേരാണ് ഒരു മാസത്തിലേറെയായി ദുരിതത്തിലായത്. ലോക്ക് ഡൗൺ എന്ന് തീരുമെന്ന് നിശ്ചയമില്ലാത്തതിനിടെ ബന്ധുക്കളെ പോലും കാണാത്തതാണ് ഇവരുടെ പ്രതിസന്ധി. കെ.എസ്.ആർ.ടി.സി ബസെങ്കിലും വിട്ടു തന്നാൽ സ്വന്തം കൈയ്യിൽ നിന്നും പണം മുടക്കി പൊയ്ക്കൊള്ളാമെന്നും ഇതര സംസ്ഥാന തൊഴിലാളികളോട് കാട്ടുന്ന കരുണയെങ്കിലും വേണമെന്നും ഇവർ പറയുന്നു.
വീട്ടിൽ കുട്ടികളെ നിറുത്തി വന്ന സ്ത്രീകളും പ്രായമായ അമ്മമാർ മാത്രമുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ജോലിയിൽ കയറിയ ശേഷം ഒരു വർഷത്തിലേറെ നാമമാത്ര വേതനത്തിൽ പിടിച്ച് നിന്നവരാണ് സ്പിന്നിംഗ് മിൽ തൊഴിലാളികൾ. ഗൾഫിലെ മികച്ച ജോലി ഉപേക്ഷിച്ച് വന്നവരടക്കം ഉണ്ടായിട്ടും സ്ഥിരപ്പെടുത്താൻ പോലും അധികൃതർ തയ്യാറായിട്ടില്ല. ഇതിനിടെയാണ് കൊവിഡ് ആശങ്കയായി എത്തിയത്.
നാൽപത് ദിവസമായി മില്ലിന് സമീപത്തെ പല വീടുകളിലായാണ് ഇവർ കഴിയുന്നത്. മെഡിക്കൽ പാസ് മാത്രമേ അനുവദിക്കൂ എന്നാണ് മറുപടി ലഭിച്ചതെന്ന് തൊഴിലാളികൾ പറയുന്നു. റവന്യൂ, വ്യവസായ മന്ത്രിമാർക്കും ഇവർ നിവേദനം നൽകിയിരുന്നു. ഇത് കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപ്പറേഷൻ എം.ഡിയ്ക്ക് കൈമാറിയ ശേഷവും പരിഹാരമായിട്ടില്ല. ആലപ്പുഴയിലെ മില്ല് മാസ്ക് നിർമാണത്തിന് തുറക്കുമെങ്കിലും മറ്റുള്ളവ ഉടൻ തുറക്കില്ലെന്നാണ് വിവരം. പരാതി ലഭിച്ച ശേഷം റവന്യു മന്ത്രി തിരികെ വിളിച്ച് പരിഹരിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും തുടർന്ന് ഒരു ഇടപെടലും ഉണ്ടായില്ലെന്ന് ഇവർ പറയുന്നു.