chicken

സ്വീഡൻ: കൊവിഡ് വൈറസിനെ തടയുന്നതിനായി ലോകം മുഴുവൻ വിവിധ കര്‍ശന നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ സാധാരണ രീതികളില്‍ പറഞ്ഞിട്ടും ആള്‍ക്കാര്‍ അനുസരിക്കാത്തതിനാല്‍ സ്വീഡിനിലെ പുതിയൊരു ആശയം പ്രയോഗിച്ചിരിക്കുകയാണ്. ഒരു കോഴി പ്രയോഗം. സ്വീഡിഷ് നഗരമായ ലണ്ടില്‍ ആള്‍ക്കാരെ അകറ്റി നിര്‍ത്താന്‍ തികച്ചും വ്യത്യസ്തവും വിചിത്രവുമായ ഒരു വഴിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. മറ്റൊന്നുമല്ല, പാര്‍ക്കില്‍ മുഴുവനും കോഴിക്കാഷ്ടം വിതറുന്നതാണ് ആ പരിപാടി.

ഇവിടെ കോഴിക്കാട്ടം ഉണ്ടെന്ന സൂചനാ മുന്നറിയിപ്പും നല്‍കി. പൊതു അവധി ദിനങ്ങളില്‍ നൂറു കണക്കിന് ആള്‍ക്കാരാണ് സ്വീഡനിലെ ഈ പാര്‍ക്കില്‍ ഒത്തുചേരുന്നത്. കൊവിഡ് 19 ഭീഷണി നിലനില്‍ക്കുമ്പോള്‍ ഇങ്ങനെയുള്ള ഒത്തുചേരല്‍ അപകടമാണ്. ഇത് കണക്കെലെടുത്താണ് വിചിത്രമായ രീതി പാര്‍ക്ക് അധികാരികള്‍ തെരഞ്ഞെടുത്തത്. കോഴി പ്രയോഗം നടത്തിയത് ഏറെ പ്രയോജനം ചെയ്തുവെന്നാണ് അധികാരികള്‍ പറയുന്നത്.

ആള്‍ക്കാരെ പൂര്‍ണമായും പാര്‍ക്ക് സന്ദര്‍ശനത്തിലൂടെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞു. ദുര്‍ഗന്ധം ആളുകളെ ഒത്തുചേരുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുമെന്ന പ്രതീക്ഷയില്‍ 1000 കിലോ കോഴിക്കാട്ടം സിറ്റി പാര്‍ക്കിലുടനീളം വലിച്ചെറിയാന്‍ ലണ്ട് കൗണ്‍സില്‍ തൊഴിലാളികളോട് ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ട്. പാര്‍ക്കുകള്‍ കൊവിഡ് 19 ന്റെ വ്യാപനത്തിന് വലിയ അപകടമുണ്ടാക്കുമെന്ന് നേരത്തെ തന്നെ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജനങ്ങളെ ഓടിക്കുന്നതിന് പുറമെ പാര്‍ക്കിലെ പുല്‍ത്തകിടികള്‍ക്ക് വളപ്രയോഗം നടത്താനും ഇതിലൂടെ സഹായിച്ചുവെന്ന് ലോക്കല്‍ കൗണ്‍സിലിന്റെ പരിസ്ഥിതി സമിതി പറയുന്നു. നഗരത്തില്‍ എല്ലാ വര്‍ഷവും നടക്കാറുള്ള വാള്‍പര്‍ഗീസ് നൈറ്റ് നടക്കാനിരിക്കെയാണ് കോഴി പ്രയോഗം നടത്തിയത്. കൂടുതല്‍ പേര്‍ ഒത്തുകൂടാന്‍ സാധ്യതയുള്ള ഒരു ആഘോഷമാണിത്.