തിരുവനന്തപുരം: ബ്യൂട്ടീഷ്യൻ ട്രെയിനറായ കൊല്ലം മുഖത്തല നടുവിലക്കര ശ്രീവിഹാറിൽ സുചിത്രാപ്പിള്ള പാലക്കാട്ടെ വാടകവീട്ടിൽ കൊല്ലപ്പെട്ട സംഭവം ആസൂത്രിതമാണെന്ന സംശയം ബലപ്പെട്ടു. സുചിത്രയെ കൊല്ലത്ത് നിന്ന് പാലക്കാട്ടേക്ക് കൂട്ടിക്കൊണ്ടുവന്നത് മുതൽ കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി കത്തിക്കാനും കുഴിച്ചുമൂടാനും തെളിവ് നശിപ്പിക്കാനും ശ്രമിക്കുകയും പ്രതി ചെയ്തതുൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തിയാണ് സംഭവം ആസൂത്രിതമാണെന്ന നിഗമനത്തിൽ അന്വേഷണസംഘം എത്തിച്ചേർന്നിരിക്കുന്നത്.
താനുമായുള്ള സാമ്പത്തിക ഇടപാടുകൾക്കൊപ്പം ഒരുമിച്ച് ജീവിക്കണമെന്ന സുചിത്രയുടെ മോഹവുമാണ് അവരെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ പ്രതിയായ പ്രശാന്തിനെ പ്രേരിപ്പിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടൽ. തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രശാന്തിനെ വരുംദിവസങ്ങളിൽ പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ സംശയങ്ങളുടെ ചുരുളഴിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
തന്റെ ഭാര്യയുടെ അകന്ന ബന്ധുകൂടിയായ സുചിത്രയുമായി പ്രശാന്തിന് തുടക്കം മുതലേ ഉറ്റ സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്. ഭാര്യയുടെ ബന്ധുകൂടിയായതിനാൽ പ്രശാന്തുമായുള്ള സുചിത്രയുടെ സൗഹൃദത്തെ വീട്ടുകാരും തെറ്റായ രീതിയിൽ കണ്ടിരുന്നില്ല. രണ്ടാമത്തെ വിവാഹവും തെറ്റിപ്പിരിഞ്ഞ് കഴിയുകയായിരുന്ന സുചിത്ര പ്രശാന്തിന് തന്റെ കൂട്ടാളിയെന്ന നിലയിലുള്ള സ്ഥാനമാണ് മനസിൽ നൽകിയിരുന്നത്.
പ്രശാന്ത് ആവശ്യപ്പെടുന്നതെന്തും നൽകാൻ തയ്യാറായിരുന്ന അവർ സംഗീത ഉപകരണങ്ങൾ വാങ്ങാനായി രണ്ടര ലക്ഷത്തോളം രൂപയാണ് ബാങ്ക് അക്കൗണ്ടിൽ നിന്ന് കൈമാറിയത്. സുചിത്രയെപ്പോലെ മറ്റ് പലസ്ത്രീകളുമായും അടുപ്പം പുലർത്തിയിരുന്ന പ്രശാന്ത് , തന്റെ വരുതിക്ക് നിൽക്കുന്നില്ലെന്ന സംശയവും ഇതേച്ചൊല്ലി ഇരുവരും തമ്മിൽ പിണക്കങ്ങളും പലപ്പോഴുമുണ്ടായിരുന്നു. കൊലപാതകം മനസിൽ കണ്ട പ്രശാന്ത് അച്ഛനമ്മമാരെ വീട്ടിലക്ക് അയക്കുകയും ഭാര്യയെയും കുഞ്ഞിനെയും കൊല്ലത്ത് കൊണ്ടാക്കുകയും ചെയ്തശേഷം അതേകാറിലാണ് സുചിത്രയുമായി പാലക്കാട്ട് മണലിയിലെ ശ്രീറാംനഗർ ഹൗസിംഗ് കോളനിയിലെത്തിയത്.
യാത്രയിലുടനീളവും വീട്ടിലെത്തിയശേഷവും സുചിത്രയ്ക്ക് സംശയമൊന്നും തോന്നാത്തവിധം പതിവ് രീതിയിലായിരുന്നു പ്രശാന്തിന്റെ പെരുമാറ്റം. രണ്ട് ദിവസം പാലക്കാട്ടെ വീട്ടിൽ സുചിത്രയുമായി കഴിഞ്ഞ പ്രശാന്ത് മാർച്ച് 20ന് പുലർച്ചെയാണ് അരും കൊലനടത്തിയത്. കൊലപാതകം മുൻകൂട്ടി മനസിലുറപ്പിച്ചെങ്കിലും ഇതിനായി ആയുധങ്ങളൊന്നും കരുതിവയ്ക്കാതിരുന്ന പ്രശാന്ത് ബെഡ് റൂമിലുണ്ടായിരുന്ന എമർജൻസി ലാമ്പിന്റെ കേബിളാണ് അരുംകൊലയ്ക്ക് ഉപയോഗിച്ചത്.
കേബിൾ കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിച്ച് സുചിത്രയെ കൊലപ്പെടുത്തിയ പ്രശാന്ത് കാലിൽ ചവിട്ടിപ്പിടിച്ച് കഴുത്തു മുറുക്കി മരണം ഉറപ്പാക്കിയശേഷം മൃതശരീരം ബെഡ്ഷീറ്റ്‌കൊണ്ട് പുതപ്പിച്ചു. പിന്നീട് ഹാളിൽ കിടന്നുറങ്ങി. ഈ സമയം സുചിത്രയുടെ അച്ഛന്റെ ഫോണെത്തിയെങ്കിലും പ്രശാന്ത് സ്വിച്ച് ഓഫാക്കി.അടുത്തദിവസം പുലർച്ചെ അഞ്ചിനുണർന്ന് കത്തിയും കൊടുവാളും ഉപയോഗിച്ച് രണ്ട് കാലിന്റെയും മുട്ടിന് താഴോട്ടുള്ള മാംസം ചെത്തിയെടുത്തു. എല്ല് വെട്ടി ഒടിച്ചു.
സുചിത്രയുടെ ആഭരണങ്ങളെല്ലാം ഊരിമാറ്റി. വീടിന്റെ പുറകുവശത്ത് മതിലിനോടു ചേർന്ന് കുഴിയെടുത്തു. അതിലിട്ട് കത്തിക്കാനായിരുന്നു ശ്രമം. ഇതിനായി കുപ്പിയിലും കാനിലുമായി ഏഴ് ലിറ്റർ പെട്രോളും ബൈക്കിൽ ഫുൾ ടാങ്ക് പെട്രോളും കരുതിയിരുന്നു. 21ന് രാത്രിയാണ് മൃതദേഹം കത്തിക്കാൻ ശ്രമിച്ചത്.
പ്രശാന്തിന്റെ മൊബൈൽ ഓഫ് ചെയ്ത് വീട്ടിൽ വച്ചശേഷം സുചിത്രയുടെ മൊബൈൽ ഓണാക്കി അതുമായി കാറിൽ രാത്രി മണ്ണൂത്തിയിലെത്തി. ഇവിടെവച്ച് അവളുടെ ഫോൺ നശിപ്പിച്ചശേഷമാണ് മടങ്ങിയത്. കൊല്ലത്തുനിന്നെത്തിയ സുചിത്രയും രാംദാസ് എന്ന സുഹൃത്തും തന്നോടൊപ്പം പാലക്കാട്ട് താമസിച്ചിരുന്നെന്നും ഇവരെ മണ്ണുത്തിയിലെത്തിച്ച് യാത്രയയച്ചെന്നുമുള്ള കഥ വിശ്വസിപ്പിക്കാനായിരുന്നു ശ്രമം.
കൊലപ്പെടുത്താൻ ഉപയോഗിച്ച എമർജൻസിയുടെ കേബിൾ കത്തിച്ചശേഷം അതിനകത്തെ കമ്പിപോലും പലയിടങ്ങളിലായാണ് നിക്ഷേപിച്ചത്. വീടിന്റെ ഭിത്തിയിൽ പറ്റിയ രക്തക്കറകളൊക്കെ പെയിന്റടിച്ച് മറയ്ക്കാനും ശ്രമിച്ചിരുന്നു. പലയിടത്തുനിന്നും രക്തം ചുരണ്ടിമാറ്റിയിരുന്നു. സുചിത്രയുടെ ബാഗും വസ്ത്രങ്ങളും മറ്റൊരിടത്തിട്ട് കത്തിച്ചുകളയുകയുമാണ് ചെയ്തത്.
ഇത്തരത്തിൽ തികച്ചും ആസൂത്രിതമായി സുചിത്രയെ വകവരുത്തിയ പ്രശാന്തിന് കൊലപാതകത്തിനോ മൃതദേഹം മറവ് ചെയ്യാനോ മറ്റാരുടെങ്കിലും സഹായമുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പത്ത് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്ന പ്രശാന്തിനെ ചോദ്യം ചെയ്യുന്നതിലൂടെ ഈ സംശയങ്ങൾ ദുരീകരിക്കാനും കൂടുതൽ തെളിവുകൾ കണ്ടെത്താനും കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.