തിരുവനന്തപുരം: ഗുജറാത്തിൽ നിന്ന് പഴകിയ മീൻ കടത്തിയ മൂന്നുപേരെ വെമ്പായത്ത് പൊലീസ് പിടികൂടി. ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് മത്സ്യം കയറ്റിവന്ന കണ്ടെയ്‌നർ ലോറി പിടികൂടിയത്. പൊലീസും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും നടത്തിയ പ്രാഥമിക പരിശോധനയിൽ മത്സ്യം പഴകിയതാണെന്നും ഉപയോഗയോഗ്യമല്ലെന്നും കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ മത്സ്യത്തിന് ആറ് മാസം പഴക്കമുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഭൂരിഭാഗവും പുഴുവരിച്ച നിലയിലായിരുന്നു. ഇതോടെ കണ്ടെയ്‌നർ ലോറി പിടിച്ചെടുത്ത് ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ മത്സ്യം കുഴിച്ചുമൂടുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന മൂന്ന് പേരിൽ രണ്ട് പേർ ഗുജറാത്ത് സ്വദേശികളും ഒരാൾ കർണാടക സ്വദേശിയുമാണ്. ലോക്ക്ഡൗണിനിടയിൽ ലോറി എങ്ങനെ ഗുജറാത്തിൽ നിന്നെത്തിയെന്ന് വ്യക്തമല്ല. ലോറിയിൽ നിന്ന് അസഹ്യഗന്ധം ഉയർന്നതിനെ തുടർന്നാണ് നാട്ടുകാരാണ് വാഹനം തടഞ്ഞ് പൊലീസിൽ ഏൽപ്പിച്ചത്. ലോറി ജീവനക്കാരായ മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നിരീക്ഷണത്തിലാക്കി.