joebiden

വാഷിംഗ്ടൺ ഡി.സി: അടുത്ത യു.എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന ഡെമോക്രാറ്റിക് നേതാവും മുൻ വൈസ് പ്രസിഡൻ്റുമായ ജോ ബൈഡനെതിരെ ലൈംഗിക പീഡനാരോപണം.

27 വര്‍ഷം മുമ്പ് ബൈഡൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് യു.എസ് സെനറ്റിലെ മുന്‍ ജീവനക്കാരിയായ ടാര റീഡാണ് (56) രംഗത്തെത്തിയിരിക്കുന്നത്. ഒരു പോഡ്‍കാസ്റ്റിലാണ് തനിയ്ക്ക് ബൈഡനിൽ നിന്ന് മോശം അനുഭവമുണ്ടായതായി ടാര പറഞ്ഞത്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയെങ്കിലും ബൈഡന്‍റെ പേര് പരാമർശിച്ചിരുന്നില്ല.

എന്നാൽ ടാരയുടെ ആരോപണം ബൈഡൻ നിഷേധിച്ചു. 27 വർഷം മുമ്പ് നടന്നെന്ന് ആരോപിക്കുന്ന സംഭവം ഇപ്പോൾ ഉയർന്നുവരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. അവരുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യാനോ അവരെ ആക്രമിക്കാനോ ഉദ്ദേശിക്കുന്നില്ല. എന്നാൽ യാഥാർത്ഥ്യം എന്താണെന്ന് പറയാനുള്ള അവകാശം എനിക്കുണ്ട്. അവർ അന്നത്തെ പരാതിയുടെ പകർപ്പ് ഹാജരാക്കിയിട്ടില്ല - ബൈഡന്‍ പറഞ്ഞു.