പ്യോഗ്യാംഗ്: ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മരണപ്പെട്ടു എന്നുള്ള അഭ്യൂഹങ്ങൾക്കിടെ ഉത്തരകൊറിയൻ ഭരണാധിപതി കിം ജോംഗ് ഉൻ വീണ്ടും പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോഗ്യാംഗിനു സമീപം സൻചോണിലെ ഒരു വളം ഫാക്ടറിയുടെ ഉദ്ഘാടനത്തിൽ വെള്ളിയാഴ്ച കിം പങ്കെടുത്തെന്നാണ് വിവരം. ദ് കൊറിയൻ സെൻട്രൻ ന്യൂസ് ഏജൻസിയാണ് (കെ.സി.എൻ.എ) ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കിം ജോംഗ് ഉൻ നാട മുറിക്കുന്നത് ഉൾപ്പടെയുള്ള ചടങ്ങുകളുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. കിമ്മിന്റെ സഹോദരി കിം യോ ജാങ് ഉൾപ്പെടെയുള്ളവരും പരിപാടിയിൽ പങ്കെടുത്തു.
പരിപാടിയിലേക്ക് കിം വന്നപ്പോൾ പങ്കെടുത്തവരെല്ലാം ആഹ്ലാദത്തോടെ ഹർഷാരവം മുഴക്കിയെന്നു കെസിഎൻഎ റിപ്പോർട്ടിൽ പറയുന്നു. കിം വളം ഫാക്ടറി പരിശോധിക്കുകയും ഉൽപാദന പ്രക്രിയകളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.ആധുനിക ഫോസ്ഫറ്റിക് വളം ഫാക്ടറി നിർമിച്ചുവന്ന വാർത്ത കേട്ടാൽ തന്റെ മുത്തച്ഛൻ കിം ഇൽ സുങ്ങും പിതാവ് കിം ജോങ് ഇല്ലും വളരെയധികം സന്തോഷിക്കുമെന്ന് കിം വൈകാരികമായി പ്രതികരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏപ്രിൽ 15ന് , മുത്തച്ഛനും രാഷ്ട്രപിതാവുമായ കിം ഇൽ സുങ്ങിന്റെ ജന്മവാർഷികച്ചടങ്ങിൽ കിമ്മിനെ കാണാതിരുന്നതു ചൂണ്ടിക്കാട്ടി ദക്ഷിണ കൊറിയയിലെ ഓൺലൈൻ പത്രം ‘ഡെയ്‌ലി എൻകെ’യാണ് കിമ്മിന്റെ നില അതീവഗുരുതരമാണെന്നും മസ്തിഷ്കമരണം സംഭവിച്ചെന്നും വരെയുള്ള കാര്യങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തത്. 11ന് വർക്കേഴ്സ് പാർട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. വ്യോമത്താവളം സന്ദർശിച്ച് യുദ്ധവിമാനപരിശീലനം കാണുകയും ചെയ്തിരുന്നു. അതേസമയം, കിമ്മിന്റെ പച്ചത്തീവണ്ടി കണ്ടെന്നും കിം ജീവനോടെ ഉണ്ടെന്നുമുള്ള തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു.
• കിമ്മിനോട് സംസാരിച്ചേക്കാം:: ട്രംപ്
കിം ജോങ് ഉന്നുമായി ഈ ആഴ്ചയിൽ സംസാരിച്ചേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉചിതമായ സമയത്ത് ഞങ്ങൾക്ക് ഇതേക്കുറിച്ച് ചിലത് പറയാനുണ്ടെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ ട്രംപ് വ്യക്തമാക്കി.