ടൊറന്‍റോ: ആക്രണത്തിന് ഉപയോഗിക്കാവുന്ന 1500 തരം ആയുധങ്ങൾക്ക് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വിലക്കേർപ്പെടുത്തി. വിലക്ക് ഉടനെ പ്രാബല്യത്തിൽ വരും. നോവ സ്‍കോട്ടിയയിൽ വെടിവയ്പിൽ 22 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. കഴിഞ്ഞ നവംബറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ട്രൂഡോയുടെ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു മാരാകായുധ നിരോധനം.
നിരോധനം ഏര്‍പ്പെടുത്തിയ ആയുധങ്ങൾ വില്ക്കാനും കൊണ്ടുപോകാനും ഇറക്കുമതി ചെയ്യാനും വിലക്കുണ്ടാകും. ആയുധം കൈവശമുള്ളവർക്ക് തിരികെയേല്‍പ്പിക്കാന്‍ രണ്ട് വര്‍ഷത്തെ സമയം അനുവദിക്കും.
തോക്ക് കൈവശമുള്ളവരിൽ ഭൂരിഭാഗവും നിയമം അനുസരിക്കുന്നവരാണെന്നും എന്നാൽ ആയുധങ്ങൾ സമൂഹത്തിന് ഒരു ഗുണവുമുണ്ടാക്കുന്നില്ലെന്നും ട്രൂഡോ പറഞ്ഞു. മാർച്ച് ആദ്യം തന്നെ നിരോധനം നടപ്പാക്കാൻ ഒരുങ്ങിയതാണെന്നും എന്നാൽ കൊവിഡ് കാരണം നീണ്ടുപോയതാണെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.
2017ൽ ക്യൂബെക്കിലെ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ നിരവധിയാളുകൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ആയുധങ്ങൾ നിരോധിക്കണമെന്ന ആവശ്യമുയർന്നത്. നോവ സ്‍കോട്ടിയയിലുണ്ടായ വെടിവെപ്പാണ് കാനഡയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ തോക്ക് ആക്രമണം.