columbia

ബൊഗോറ്റ : മദ്ധ്യ കൊളംബിയയിൽ ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സെൻട്രൽ ജയിലിൽ തടവുകാർ നടത്തിയ ജയിൽച്ചാട്ട ശ്രമം അധികൃതർ തടഞ്ഞു. ജയിലിൽ കലാപം അഴിച്ചുവിടാൻ ഇക്കൂട്ടർ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ കാരണം പരാജയപ്പെട്ടു. വിലാവൈസൻഷ്യോയിലുള്ള ജയിലിൽ ഏഴ് തടവുകാർ ഒരു സെല്ലിനുള്ളിൽ തുരങ്കം നിർമ്മിച്ച് രക്ഷപ്പെടാൻ നടത്തിയ ശ്രമമാണ് പരാജയപ്പെട്ടത്. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു. കൊളംബിയയിൽ ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ച ജയിലാണിത്. 314 കൊവിഡ് കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചിരിക്കുന്നവരിൽ ജയിൽ ജീവനക്കാരും ഉൾപ്പെടുന്നു. എന്നാൽ ജയിലിൽ തങ്ങൾ സുരക്ഷിതരല്ലെന്നാരോപിച്ച് ഒരു വിഭാഗം തടവുകാർ പ്രക്ഷോഭങ്ങൾ നടത്തുന്നുണ്ട്.

1,700 തടവുകാരുള്ള വിലാവൈസൻഷ്യോ സെൻട്രൽ ജയിലിൽ തടവുകാർ തിങ്ങിപ്പാർക്കുന്നതിനാൽ രോഗ വ്യാപനത്തിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. തടവുകാർ നിർമ്മിച്ച തുരങ്കത്തെ പറ്റി ജയിൽ അധികൃതർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. എന്നാൽ ഇവരിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളുടെയും മൊബൈൽ ഫോണുകളുടെയും ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. വൈറസ് പൊട്ടിപ്പുറപ്പെട്ട നാൾ മുതൽ കൊളംബിയൻ ജയിലുകളിൽ കലാപങ്ങൾ കൂടിവരികയാണ്. കഴിഞ്ഞ മാസം ബൊഗോറ്റയിലുള്ള രാജ്യത്തെ ഏറ്റവും വലിയ ജയിലുകളിലൊന്നായ ലാ മൊഡേലോയിൽ ഉണ്ടായ കലാപത്തിൽ 20 തടവുകാർ കൊല്ലപ്പെട്ടിരുന്നു.

columbia