സാവോപോളോ: കൊവിഡ് ബാധിച്ച് മരിച്ച പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിക്കാനും യഥാവിധി സംസ്കരിക്കാനും ഇടമില്ലാതെ കണ്ണീർ വാർക്കുകയാണ് ബ്രസീലെ മനാസ് നഗരവാസികൾ.
ശവപ്പെട്ടികൾ കിട്ടാനില്ലാത്തതും മോർച്ചറികളിൽ മൃതദേഹങ്ങൾ നിറഞ്ഞു കവിഞ്ഞതും നഗരത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. നഗരത്തിലെ ഒരു സെമിത്തേരിയിൽ ഒരൊറ്റ കുഴിയിലാണ് മരിച്ചവരെ അടക്കം ചെയ്യുന്നത്. ഇത് ഒഴിവാക്കാനായി പലരും മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്യുന്നത്.
മനാസിൽ ഇതിനോടകം ആറായിരം പേർ മരിച്ചു. സാവോപോളോയിൽ നിന്ന് അടിയന്തിരമായി ശവപ്പെട്ടികൾ വരുത്താനുള്ള തീരുമാനത്തിലാണ് നാഷണൽ ഫ്യൂണറൽ ഹോം അസോസിയേഷൻ. രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാതകളില്ലാത്തതും നഗരത്തിന് വെല്ലുവിളിയാണ്.
ഒരു ദിവസം 130നടുത്ത് ആളുകൾ ഇവിടെ മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സാമൂഹിക അകലം പാലിക്കുന്നത് പാടെ അവഗണിച്ചത് രോഗബാധിതരുടെ എണ്ണം ഉയരാൻ ഇടയാക്കിയെന്നാണ് ആരോഗ്യമന്ത്രാലയത്തിൻ്റെ വിലയിരുത്തൽ.