തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാരും പ്രതിപക്ഷവും തമ്മിൽ ഒത്തുകളിയാണ് നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചു." മുഖ്യമന്ത്രിക്ക് അഹങ്കാരത്തിന്റെ ഭാഷയാണെന്ന " പ്രതിപക്ഷ നേതാവിന്റെ പരാമർശം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഈ മറുപടി. "പ്രതിപക്ഷ നേതാവ് പറയുന്നതിനോടെല്ലാം യോജിക്കാൻ ഞാൻ തയ്യാറല്ല. നിയമസഭയിൽ പ്രതിപക്ഷ നേതാവ് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. അല്ലെങ്കിൽ തന്നെ ഈ സർക്കാരിനോട് പ്രതിപക്ഷ നേതാവിന് എന്തു വിരോധമാണുള്ളത്. ഇവർ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിന് എന്തർത്ഥമാണുള്ളത്. പാലാരിവട്ടം അഴിമതിക്കേസ് എവിടെപ്പോയി?ഒത്തുകളിയില്ലെങ്കിൽ ഇങ്ങനെ നടക്കുമോ? പാലാരിവട്ടം കേസ് ശരിയായി അന്വേഷിച്ചിരുന്നെങ്കിൽ ലീഗിന്റെ ഉന്നത നേതാക്കൾ അകത്താകുമായിരുന്നുവെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇത് വെറും ചക്കളത്തിപ്പോരാട്ടം മാത്രമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിമാർക്കെതിരെ വന്ന വിജിലൻസ് കേസുകൾ എവിടെപ്പോയെന്നും " സുരേന്ദ്രൻ ചോദിച്ചു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളെ സഹായിക്കുന്നത്
ബി.ജെ.പി സർക്കാർ
പ്രവാസികളെ സഹായിക്കാൻ ബി.ജെ.പിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തിക്കുന്നതായി സുരേന്ദ്രൻ പറഞ്ഞു. വിദേശകാര്യമന്ത്രി മലയാളിയായതിനാൽ സഹായാഭ്യർത്ഥനയുമായി അനവധി കാളുകൾ വരുന്നുണ്ട്. പ്രവാസികളെ കേന്ദ്ര സർക്കാർ കൊണ്ടുവരില്ലെന്നൊക്കെ വ്യാപകമായ പ്രചാരണം നടക്കുകയാണ്. മുൻഗണനാക്രമം നിശ്ചയിച്ച് പ്രവാസികളെ മടക്കിക്കൊണ്ടുവരണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നയം.
ധാർമ്മിക അവകാശമില്ല
സർക്കാർ ഉദ്യോഗസ്ഥരുടെ പണം പിടിക്കാൻ കേരള സർക്കാരിന് ധാർമ്മികമായ അവകാശമില്ല. ജനങ്ങൾ ചെലവ് ചുരുക്കണം, മുണ്ട് മുറുക്കി ഉടുക്കണമെന്നൊക്കെ പറയും. എന്നാൽ പാർട്ടി കേസുകൾ നടത്താൻ രണ്ടുവർഷത്തിനിടയിൽ 11 കോടി രൂപ പുറത്തു നിന്നുവന്ന അഭിഭാഷകർക്ക് സർക്കാർ കൊടുത്തു.
ഉറവിടമില്ലാതെ കൊവിഡ് കേസുകൾ സ്ഥിരീകരിക്കുന്നതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞാൽ അത് മുഖ്യമന്ത്രിക്കെതിരെയെന്ന് വ്യാഖ്യാനിക്കും. പോരായ്മകൾ ചൂണ്ടിക്കാട്ടുമ്പോൾ അത് കേരള വിരുദ്ധമാകുന്നത് എങ്ങനെയാണ്. പിണറായി വിജയനെ വിമർശിക്കാൻ പാടില്ലെന്നാണോ? തലേദിവസം കൊവിഡ് സ്ഥിരീകരിച്ച കേസുകൾ ഇവിടെ പറയുന്നത് അടുത്ത ദിവസം വൈകിട്ട് അഞ്ചിനാണ്. നരേന്ദ്രമോദിയോ, ആരോഗ്യമന്ത്രി ഹർഷവർദ്ധനോ അല്ല രാജ്യത്തെ കണക്കുകൾ പ്രഖ്യാപിക്കുന്നത്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വേണ്ടെന്ന് ആരും പറയുന്നില്ല. ഇതിനുവേണ്ടി സമയം നീട്ടി വസ്തുതകൾ മറച്ചുവയ്ക്കരുതെന്നേ ആവശ്യപ്പെടുന്നുള്ളു. ടെസ്റ്റുകളുടെ കാര്യത്തിൽ കേരളം പിന്നിലായിപ്പോയത് പോരായ്മതന്നെയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ധനമന്ത്രിയെ മുഖ്യമന്ത്രിക്ക്
വിശ്വാസമില്ല
കേന്ദ്രം നൽകുന്ന പണം ചെലവഴിക്കാൻ ഒരു പോസ്റ്റുമാനെപ്പോലെ പ്രവർത്തിക്കുക മാത്രമാണെങ്കിൽ ഇവിടെ എന്തിനാണ് ഒരു ധനകാര്യമന്ത്രിയെന്ന് സുരേന്ദ്രൻ ചോദിച്ചു. പോസ്റ്റുമാന്റെ റോളല്ലാതെ ധനമന്ത്രി എന്താണ് ചെയ്യുന്നത്. കേന്ദ്രത്തിൽ നിന്ന് കിട്ടിയതിനെക്കുറിച്ച് ധനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. എല്ലാ സംസ്ഥാനങ്ങൾക്കും കൊടുക്കുന്നത് കേരളത്തിനും കൊടുക്കുന്നുണ്ട്. കേരളത്തോട് ഒരു വിവേചനവുമില്ല. ധനമന്ത്രിയെ മുഖ്യമന്ത്രിക്കു പോലും വിശ്വാസമില്ലല്ലോ. കേരളത്തിലെ ധന മാനേജ്‌മെന്റ് ഈ രീതിയിലാകുന്നത് ബോധപൂർവമാണോയെന്ന് സംശയമുണ്ട്. മുഖ്യമന്ത്രി ഒന്നു പറയുന്നു ധനമന്ത്രി വേറൊന്നു പറയുന്നു. ഒരു ഗതിയുമില്ലെന്ന് ധനമന്ത്രി പറയുന്നതിന്റെ അടുത്ത ദിവസം മുഖ്യമന്ത്രി 20000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുന്നു. എവിടെയൊക്കെയോ ചില അന്തർധാരകളുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ബി.ജെ.പി സജ്ജമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് ഒക്ടോബറിൽത്തന്നെ നടക്കട്ടേയെന്നാണ് ബി.ജെ.പിയുടെ അഭിപ്രായം. പിണറായി വിജയനെ ബി.ജെ.പി ഭയക്കുന്നില്ല. കൊവിഡ് കാലം ജനപിന്തുണ അളന്നു നോക്കാനുള്ള കാലമല്ല. തിരഞ്ഞെടുപ്പ് വരട്ടെ അപ്പോൾ കാണാമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
(അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് രാത്രി 9 ന് കൗമുദി ടിവിയിൽ).