ലക്‌നൗ : മഹാരാഷ്ട്രയിൽ നിന്നും ഉത്തർപ്രദേശിൽ എത്തിയ ഏഴ് പേർക്ക് കൊവിഡ് സ്ഥിരികരിച്ചു. കൊവിഡ് ബാധിതരെല്ലാം തൊഴിലാളികളാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ഇവരുമായി ഇടപഴകിയവരെ കണ്ടെത്തി ക്വാറന്റൈനിൽ പ്രവേശിപ്പിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നല്കി. ബസ്തി ജില്ലയിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തലസ്ഥാനത്ത് നിന്നും 260 കിലോ മീറ്റർ അകലെയാണ് ബസ്തി. ഇവരെ താമസിപ്പിച്ചിരുന്ന സ്ഥലം പിന്നീട് അണുവിമുക്തമാക്കി.
ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ ജില്ലാ ഭരണകൂടം കടുത്ത ആശങ്കയിലാണ്.നേരത്തെ, രാജസ്ഥാനിലെ കോച്ചിംഗ് ഹബ്ബായ കോട്ടയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ ഉത്തർ പ്രദേശ് സർക്കാർ ബസുകൾ അയച്ചിരുന്നു. അതേസമയം, കൊവിഡ് പോസിറ്റീവ് ആയ് ഏഴ് തൊഴിലാളികൾ എങ്ങിനെ നാട്ടിൽ എത്തിയെന്നത് പുറത്ത് വിട്ടിട്ടില്ല. ഇതുവരെ, 2281 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 41 പേർ മരിക്കുകയും ചെയ്തു.