miguel-castro-castro

ലിമ : പെറുവിന്റെ തലസ്ഥാനമായ ലിമയിൽ മിഗ്വൽ കാസ്ട്രോ കാസ്ട്രോ ജയിലിലുണ്ടായ കലാപത്തിൽ 9 തടവുകാർ കൊല്ലപ്പെട്ടു. രണ്ട് തടവുകാർ കൊവിഡ് - 19 ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് തടവുകാർ കലാപത്തിന് ആഹ്വാനം ചെയ്തത്. ആറ് ജയിൽ ജീവനക്കാർക്കും അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. കലാപം നിയന്ത്രണാ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു.

പെറുവിയൻ പ്രിസൺ അതോറിറ്റിയുടെ കണക്ക് പ്രകാരം പെറുവിലെ വിവിധ ജയിലുകളിൽ കഴിയുന്ന 600 ലേറെ തടവുകാർക്കാണ് ഇതേവരെ കൊവിഡ് ബാധ കണ്ടെത്തിയത്. 13 തടവുകാരും മൂന്ന് ജീവനക്കാരും ഇതിനോടെകം മരിച്ചു. കഴി‌ഞ്ഞാഴ്ചയാണ് കാസ്ട്രോ കാസ്ട്രോയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപം അതിരുവിട്ടതോടെ ജയിൽ അധികൃതർ പൊലീസ് സേനയെ വിന്യസിക്കുകയായിരുന്നു. കലാപത്തിനിടെ തടവുകാർക്ക് നേരെ പൊലീസ് വെടിയുതിർത്തതായി ആരോപണങ്ങളുണ്ട്. ഇപ്പോൾ 5,500 തടവുകാർ പാർക്കുന്ന കാസ്ട്രോ കാസ്ട്രോയ്ക്ക് ശരിക്കും 2,000 തടവുകാരെ ഉൾക്കൊള്ളിക്കാനുള്ള ശേഷിയേ ഉള്ളു. ജയിലുകളിലെ തടവുകാരുടെ എണ്ണം കുറയ്ക്കാനായി 3000 തടവുകാർക്ക് മാപ്പ് നൽകി വിട്ടയയ്ക്കുമെന്ന് പെറുവിയൻ പ്രസിഡന്റ് മാർട്ടിൻ വിസ്കര കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു.