tamil-nadu

കൃഷ്ണഗിരി: ആദ്യത്തെ കൊവിഡ് -19 പോസിറ്റീവ് കേസ് തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്യപ്പെട്ട് 55 ദിവസത്തിന് ശേഷം സംസ്ഥാനത്തെ ഏക ഗ്രീൻ സോണായ കൃഷ്ണഗിരിയിൽ രോഗം റിപ്പോർട്ട് ചെയ്തു. ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നിന്ന് മടങ്ങിയെത്തിയ വെപ്പനഹള്ളിയിൽ നിന്നുള്ള 67 കാരനാണ് കൃഷ്‍ണഗിരിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. വെപ്പനഹള്ളിക്കടുത്തുള്ള 67 കാരനും നാല് പേരും ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ പോയി ഏപ്രിൽ 25നാണ് മടങ്ങിയെത്തിയതെന്ന് കൃഷ്ണഗിരി ജില്ലാ കളക്ടർ എസ് പ്രഭാകർ പറഞ്ഞു.

എല്ലാവരേയും അതിർത്തി ചെക്ക് പോസ്റ്റിൽ പരിശോധിച്ച് വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശിക്കുകയായിരുന്നു. 29 ന് സാമ്പിൾ എടുത്ത് ഹൊസൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വെക്ടർ കൺട്രോൾ ആൻഡ് സൂനോസിലേക്ക് അയച്ചു. ശനിയാഴ്ച പരിശോധനാ ഫലം പോസിറ്റീവ് ആയെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ ഇയാളുടെ കുടുംബത്തിലെ എട്ട് സാമ്പിളുകൾ വെള്ളിയാഴ്ച രാത്രി എടുത്ത് പരിശോധനയ്ക്കായി ഹൊസൂരിലേക്ക് അയച്ചു. ഈ ഫലങ്ങളിൽ നാലെണ്ണമാണ് പോസിറ്റീവ് ആയത്. രോഗം ബാധിച്ച മറ്റ് നാല് അംഗങ്ങളിൽ മൂന്ന് പേർ കൃഷ്ണഗിരി പട്ടണത്തിൽ നിന്നും ഒരാൾ കാവേരിപട്ടണം സ്വദേശിയുമാണ്. ഇപ്പോൾ, ഈ മൂന്ന് പ്രദേശങ്ങളും കണ്ടെയ്ൻ‌മെൻറ് സോണിന് കീഴിലാണ്. ഇവിടം അണുവിമുക്തമാക്കും. പുട്ടപർത്തിയിലെ അധികാരികളിൽ നിന്ന് വാഹന പാസ് വാങ്ങിയ ശേഷം അഞ്ചംഗ സംഘം ആന്ധ്രയിൽ നിന്ന് കൃഷ്ണഗിരിയിലേക്ക് മടങ്ങുകയായിരുന്നു. 21 ദിവസത്തെ ദേശീയ ലോക്ക്ഡൗൺ പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നതിനുമുമ്പ് അവർ തീർത്ഥാടനം ആരംഭിച്ചിരുന്നു.