ന്യൂഡൽഹി:- കൊവിഡ് 19 കാരണം പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ കുടുങ്ങി തിരികെ മടങ്ങാനാകാതെ വന്ന 193 പാക് പൗരന്മാർക്ക് ആശ്വാസം. ഇവർക്ക് തിരികെ പോകാൻ കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നൽകി. രാജ്യത്തെ 10 ജില്ലകളിലായി കുടുങ്ങിപ്പോയ ഇവരെ വാഗ - അത്താരി അതിർത്തി വഴി മെയ് 5ന് പാകിസ്ഥാനിലെത്തിക്കും.
പാക് ഹൈകമ്മീഷന്റെ അഭ്യർത്ഥനയെ തുടർന്നാണ് പശ്ചിമബംഗാൾ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, ഹരിയാന,പഞ്ചാബ്,ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ കഴിഞ്ഞിരുന്ന ഇവരെ ചൊവ്വാഴ്ചയോടെ അതിർത്തി കടത്തുക.അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശങ്ങളും രാജ്യത്തെ നിയമങ്ങളും അനുസരിച്ചുള്ള കർശനമായ പരിശോധനക്ക് ശേഷം രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ കടത്തി വിടുകയുള്ളൂ എന്ന് വിദേശകാര്യ മന്ത്രാലയ പ്രതിനിധി സംസ്ഥാനങ്ങളെ അറിയിച്ചു.
മുൻപ് ഇന്ത്യ അതിർത്തി കടത്തിവിട്ട പാക് ഉദ്യോഗസ്ഥർക്ക് പാകിസ്ഥാനിൽ മടങ്ങിയെത്തിയ ശേഷം കൊവിഡ് സ്ഥിരീകരിച്ചെന്ന സംഭവം അറിഞ്ഞതോടെയാണിത്. നേരത്തെ ഏപ്രിൽ മാസത്തിൽ മറ്റൊരു ചെറിയ സംഘത്തെയും പാകിസ്ഥാനിലേക്ക് ഇന്ത്യ തിരികെ അയച്ചിരുന്നു.