തിരുവനന്തപുരം: സ്റ്റേജ് കലാകാരന്മാരുടെ ദുരവസ്ഥയും, കൊവിഡ് പ്രതിരോധവും എന്ന വിഷയത്തെ ആസ്പദമാക്കി ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിച്ച് പൂർണമായും മൊബൈലിൽ ഷൂട്ട് ചെയ്ത ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ചിത്രത്തിന്റെ എഡിറ്റിംഗും ഗ്രാഫിക്സും നിർവഹിച്ചിരിക്കുന്നതും മൊബൈലിൽ തന്നെയാണ്.
നാല് മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രമായ ''മുൻകരുതൽ " കലാകാരന്മാർ അവരുടെ വീടുകൾ ഇരുന്ന് സംവിധായകന്റെ നിർദ്ദേശപ്രകാരം അഭിനയിച്ച് എഡിറ്റിംഗ്, ഗ്രാഫിക്സ് ജോലികൾ നിർവഹിക്കുകയായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട താരം അപ്പാനി ശരത്ത് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.മികച്ച രചയിതാവിനുള്ള സത്യജിത്റേ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള നടനും സംവിധായകനുമായ രമേഷ് ഗോപാൽ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും.
കൈൻ മാസ്റ്റർ എന്ന ആപ്ലിക്കേഷന്റെ സഹായത്തോടെ സുജി കല്ലാമം ആണ് മുൻകരുതലിന്റെ എഡിറ്റിംഗ്, ഗ്രാഫിക്സ് എന്നിവ നിർവഹിച്ചിരിക്കുന്നത്. മിനിസ്ക്രീനിലെ താരങ്ങളായ അഷ്റഫ് പേഴുംമൂട്, മുൻഷി രഞ്ജിത്, എന്നിവർക്ക് പുറമേ സ്റ്റേജ് കലാകാരന്മാരായ സുജികല്ലാമം,നിതീഷ് ശശിധരൻ,ഷിബു മംഗലയ്ക്കൽ, ബിജു ബാഹുലേയൻ, രാജേഷ് കാട്ടാക്കട, രാജേഷ് റാഡ്സ്,സനോജ് ശ്രീകാര്യം, മനു ഭാരതി, ടിന്റു, ശ്രീജിത്ത്, മഹിമ, ബാലതാരങ്ങളായ മിഥുൻ രമേഷ്,നവീൻ,നന്ദിനി, നയന തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. യുട്യൂബിലും ഫേസ്ബുക്കിലൂടെയും നിരവധി ആളുകളാണ് ചിത്രം ഇതിനോടകം കണ്ടത്.