ന്യൂയോർക്ക്: തനിക്ക് പുരസ്കാരത്തുകയായി ലഭിച്ച ഒരു ലക്ഷം ഡോളർ കൊവിഡ് പോരാട്ടത്തിനായി യുനിസെഫിന് സംഭാവന നൽകി പ്രമുഖ സ്വീഡിഷ് വിദ്യാർത്ഥി പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ്. കൊവിഡിനെതിരെ തുൻബെർഗ് നടത്തിയ പ്രവർത്തനങ്ങൾക്ക് ഡച്ചു സന്നദ്ധ സംഘടനയാണ് ഒരു ലക്ഷം ഡോളർ അവാർഡ് നൽകിയത്.
കാലാവസ്ഥാ പ്രതിസന്ധിയെപ്പോലെ കൊവിഡ് മഹാമാരിയും കുട്ടികളുടെ അവകാശത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായി പതിനേഴുകാരിയായ ഗ്രെറ്റ പറഞ്ഞു. ഇത് എല്ലാ കുട്ടികളെയും ബാധിക്കും, ഇപ്പോഴെന്നല്ല, ദീർഘകാലത്തോളം. ദുർബ്ബലരായ കൂട്ടത്തെ ആയിരിക്കും ഏറ്റവും കൂടുതൽ ബാധിക്കുകയെന്നും ഗ്രെറ്റ കൂട്ടിച്ചേർത്തു. കുട്ടികളുടെ ജീവൻ രക്ഷിക്കാനും ആരോഗ്യം സംരക്ഷിക്കാനും വിദ്യാഭ്യാസം തുടരാനുമുള്ള യുനിസെഫിന്റെ പ്രവർത്തനങ്ങളെ എല്ലാവരും പിന്തുണക്കണമെന്നും ഗ്രെറ്റ തുൻബർഗ് ആവശ്യപ്പെട്ടു.
സംഭാവനയായി ലഭിച്ച തുക ആരോഗ്യസംരക്ഷണത്തിന് സാമ്പത്തിക സഹായം ആവശ്യമുള്ള കുട്ടികൾക്കായി ഉപയോഗിക്കുമെന്ന് യൂനിസെഫും വ്യക്തമാക്കി.