വാഷിംഗ്ടൺ: ഒരു പതിറ്റാണ്ട് മുമ്പ് ആഫ്രിക്കയിൽ പടർന്ന എബോള രോഗത്തിനെതിരെ വികസിപ്പിച്ച ആന്റി വൈറൽ മരുന്നായ റെംഡെസിവിർ, അടിയന്തര ഘട്ടത്തിൽ കോവിഡ്-19ന് ഉപയോഗിക്കാൻ അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്. ഡി. എ) അനുമതി നൽകി. ഇതോടെ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളിൽ ഈ മരുന്ന് കുത്തിവയ്‌ക്കാൻ വഴിയൊരുങ്ങി.
ഗുരുതര രോഗമുള്ളവരിൽ മാത്രം പ്രയോഗിക്കാനുള്ള താൽക്കാലിക അനുമതിയാണിത്. ഔപചാരിക അനുമതി പിന്നീട് നൽകുമെന്നാണ് റിപ്പോർട്ട്. അതേസമയം, എബോളയ്‌ക്കെതിരെ റെംഡെസിവിർ പൂർണ വിജയമായിരുന്നില്ലെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.
ലോകത്തെ വിവധ ആശുപത്രികളിൽ 1063 കൊവിഡ് രോഗികളിൽ റെംഡെസിവർ മരുന്നിന്റെ ക്ലിനിക്കൽ പരിശോധന നടത്തിയിരുന്നു. ഗുരുതരാവസ്ഥയിലുള്ള ചില രോഗികൾക്ക് രോഗം ഭേദമാകാനുള്ള കാലയളവ് 15 ദിവസത്തിൽ നിന്ന് 11 ആയി കുറഞ്ഞതായി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് മരുന്നിന് അനുമതി നൽകിയത്. പക്ഷേ രോഗികളെ മരണത്തിൽ നിന്ന് രക്ഷിക്കാൻ ഈ മരുന്നിന് കഴിയുമെന്ന് ക്ലിനിക്കൽ പരിശോധനയിൽ തെളിഞ്ഞിട്ടില്ല.
കോവിഡിനെതിരെ ഒരു മരുന്നിന് ഇത്തരം ഫലം ഉണ്ടായത് ശുഭസൂചകമാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വൈറ്റ്ഹൗസിൽ പറഞ്ഞു. റെംഡെസിവിർ മരുന്നു വികസിപ്പിച്ച ഗിലിയാഡ് സയൻസസ് കമ്പനിയുടെ സി.ഇ.ഒ ഡാനിയേൽ ഒഡേയും ട്രംപിനൊപ്പം ഉണ്ടായിരുന്നു. പതിനഞ്ച് ലക്ഷം വയൽ മരുന്ന് സൗജന്യമായി നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഒരാൾക്ക് പത്ത് ഇൻക്‌ഷൻ വീതം ഇത് ഒന്നര ലക്ഷം പേർക്കേ തികയൂ.
ശ്വാസകോശ പ്രശ്‌നങ്ങൾ അനുഭവപ്പെട്ട കൊവിഡ് രോഗികൾക്കു മരുന്നു പെട്ടെന്ന് ആശ്വാസം നൽകിയതായി ക്ലിനിക്കൽ പരീക്ഷണത്തിൽ വ്യക്തമായെന്ന് യു. എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്‌ഷ്യസ് ഡിസീസസ് അറിയിച്ചു. പരീക്ഷണത്തിന്റെ ഭാഗമായി ചില രോഗികൾക്ക് ഇപ്പോഴും മരുന്ന് കുത്തിവയ്‌ക്കുന്നുണ്ട്. അനുമതി ലഭിച്ചതോടെ കൂടുതൽ രോഗികൾക്ക് മരുന്ന് നൽകുന്നത് ഫലത്തിൽ ക്ലിനിക്കൽ പരീക്ഷണം കൂടുതൽ വിപുലമാക്കുന്നതിന് തുല്യമാകും.
വൈറസ് പെരുകുന്നത് തടയും
എബോള വൈറസിനെതിരെ വികസിപ്പിച്ച റെംഡെസിവിർ ബ്രോഡ് സ്പെക്ട്രം ആന്റി വൈറൽ ഡ്രഗ് (ബി. എസ്. എ) ആണ്. വിവിധ രോഗങ്ങളുണ്ടാക്കുന്ന പലതരം വൈറസുകൾക്കെതിരെ പ്രയോഗിക്കാവുന്ന മരുന്നുകളാണ് ബി.എസ്.എ വിഭാഗത്തിലുള്ളത്. ആ നിലയ്‌ക്കാണ് മരുന്ന് കൊറോണ വൈറസിനെതിരെയും പ്രയോഗിക്കുന്നത്. രോഗിയുടെ ശരീരത്തിൽ വൈറസ് പെറ്റുപെരുകുന്നതു പോലെ സ്വയം പതിപ്പുകൾ ഉണ്ടാക്കും. പിന്നാലെ ശ്വാസകോശ പ്രശ്നങ്ങൾ തുടങ്ങും. വൈറസ് സ്വയം പെരുകുന്നത് റെംഡെസിവിർ തടയുമെന്ന് ക്ലിനിക്കൽ പരീക്ഷണം നടത്തിയ ഹൂസ്റ്റൺ മെതേഡിസ്റ്റ് ആശുപത്രി അറിയിച്ചു
റെംഡെസിവിർ പരീക്ഷണം
@ക്ലിനിക്കൽ പരീക്ഷണം 1063 രോഗികളിൽ
@രോഗശമന കാലം 15ൽ നിന്ന് 11 ദിവസമായി കുറഞ്ഞു
@സാധാരണ രോഗികൾക്ക് അഞ്ച് ദിവസം ചികിത്സ
@ഗുരുതര രോഗമുള്ളവർക്ക് 10 ദിവസം ചികിത്സ
@മരുന്ന് കമ്പനിക്ക് ശുക്രൻ
മരുന്നിന് അനുമതി നൽകിയതോടെ ഗിലിയാഡ് സയൻസസ് കമ്പനി ഉൽപ്പാദനം പലമടങ്ങ് വർദ്ധിപ്പിക്കും. മരുന്നിന്റെ വില പുറത്തു വിട്ടിട്ടില്ല. കനത്ത വിലയായിരിക്കുമെന്നാണ് റിപ്പോർട്ട്. പതിറ്റാണ്ടായി ഉപയോഗമില്ലാതെ കിടന്ന മരുന്ന് പൊടിതട്ടിയെടുത്ത കമ്പനിക്ക് വൻ ലാഭമായിരിക്കും.കമ്പനിയുടെ സി.ഇ.ഒയ്‌ക്ക് ട്രംപുമായുള്ള അടുപ്പം വൈറ്റ്ഹൗസ് വരെ നീളുന്നതാണ്. ഈ മരുന്ന് പ്രയോഗിക്കുന്നതിനെ ട്രംപ് ആദ്യമേ അനുകൂലിച്ചിരുന്നു.
കൊറോണ വൈറസിനെ റെംഡെസിവിർ പ്രതിരോധിക്കുമെന്നതിന് തെളിവുണ്ടെന്ന് അമേരിക്കൻ ശാസ്ത്രജ്ഞരും അറിയിച്ചിരുന്നു.