കൊൽക്കത്ത: ലോക്ക്ഡൗണിൽ ജീവിതം കുരുങ്ങി തളർന്നു കിടക്കുന്നത് കൊൽക്കത്തയിലെയും മുംബയിലെയും ലൈംഗിക തൊഴിലാളികളിലാണ്. ചുവന്ന തെരുവുകളിലേക്ക് ആരും തിരിഞ്ഞു നോക്കുന്നില്ല. ശരീരം വിറ്റ് ജീവിച്ച് വന്നവർ കണ്ണീരും കൈയ്യുമായി കഴിയുകയാണ്. വിശന്ന് വാവിട്ട് വിളിക്കുന്ന കുഞ്ഞുങ്ങൾ, പുറത്തിറങ്ങാൻ കഴിയാത്ത സ്ത്രീകൾ, സഹായം ഹസ്തങ്ങൾ ഒന്നും കടന്നുവരാത്ത വീഥികൾ.
അവർക്ക് മുന്നിൽ കൊവിഡ് കാലം ചോദ്യ ചിഹ്നമാവുകയാണ്. സർക്കാരിന്റെ സൗജന്യങ്ങളൊന്നും ഇവർക്കില്ല. സമൂഹം വെറുപ്പോടെ കാണുന്ന ഇവർക്കായി ഭക്ഷണപ്പൊതി പോലും ആരും നൽകുന്നില്ലെന്നാണ് വിചിത്രം. കൊൽക്കത്ത കാളിഘട്ടിലുള്ള ഇടുങ്ങിയ തെരുവിലെ ഇടുങ്ങിയ മുറികളിൽ അവർ ലോക്ക്ഡൗൺ തീരുന്ന ദിവസങ്ങൾക്കായി കാത്തിരിക്കുകയാണ്. പലരും വാടകയ്ക്കാണ് താമസം. അതെങ്ങനെ കൊടുക്കുമെന്നറിയാതെ വിലപിക്കുകയാണ് പലരും.
ഗതികെട്ട് അഞ്ച് രൂപയ്ക്ക് വരെ ശരീരം വിൽക്കുകയാണെന്ന് ലൈംഗിക തൊഴിലാളിയായ റഷീദ പറയുന്നു. പാവപ്പെട്ടവർക്ക് സർക്കാർ ദുരിതാശ്വാസ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും ലൈംഗിക തൊഴിലാളികൾ ഇതിൽ നിന്നെല്ലാം പുറത്താണ്. നാല് വർഷം മുമ്പ് നടത്തിയ സർവേ പ്രകാരം ഇന്ത്യയിൽ 6,57,800 ലൈംഗിക തൊഴിലാളികളുണ്ടെന്നായിരുന്നു കണക്ക്. ഇപ്പോൾ അതിനെക്കാൾ ഏറിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.