ജലന്തർ: വാഹന പരിശോധനയ്ക്കിടെ പാഞ്ഞുവന്ന കാറിടിച്ച പൊലീസ് ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇടിച്ച ശേഷം കാറിന്റെ ബോണറ്റിലേക്ക് തെറിച്ച് വീണ പൊലീസുകാരൻ, ഇവിടെ പിടിച്ച് കിടന്നതിനാൽ ദുരന്തം ഒഴിവായി. കാർ ഏതാനും അടികൂടി മുന്നോട്ട് നീങ്ങിയാണ് നിന്നത്. പഞ്ചാബ് ജലന്തറിലെ നാക സിറ്റിയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
വാഹനം ഓടിച്ചിരുന്ന ഇരുപതുകാരനെതിരെ പൊലീസ് കേസ് എടുത്തു. കാറിനെയും കസ്റ്റഡിയിൽ എടുത്തു. ജലന്തർ സ്റ്റേഷനിലെ അസി. സബ് ഇൻസ്‌പെക്ടർ മുൽഖ് രാജാണ് അപകടത്തിൽപ്പെട്ടത്. വാഹനം പൊലീസ് ഉദ്യേഗസ്ഥന്റെ ദേഹത്ത് ഇടിച്ചെങ്കിലും യുവാവ് വാഹനവുമായി മുന്നോട്ട് പോകുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
ഏതാനും ദിവസം മുമ്പ്, പഞ്ചാബിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചെത്തിയ അക്രമികൾ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ വെട്ടിമാറ്റിയിരുന്നു. മറ്റ് രണ്ട് പൊലീസുകാർക്കും അക്രമത്തിൽ പരിക്കേറ്റിരുന്നു.