കാരക്കസ്: വെനസ്വേലയിലെ ഗ്വണാറിൽ ലോസ് ലാനോസ് ജയിലിലുണ്ടായ കലാപത്തിൽ 46 പേർ കൊല്ലപ്പെട്ടു. തടവുപുള്ളികളിൽ ചിലർ ജയിൽ ചാടാൻ നടത്തിയ ശ്രമമാണ് സംഘർഷത്തിലേക്കും കലാപത്തിലേക്കും നയിച്ചത്. പരിക്കേറ്റ നിരവധി തടവുകാരുടെ നില ഗുരുതരണമാണെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ജയിൽ ഡയറക്ടർ കാർലോസ് ടോറോയ്ക്കും ആക്രമണണത്തിൽ പരിക്കേറ്റു. ഇദ്ദേഹത്തെ അക്രമികൾ പിന്നിൽ നിന്ന് കുത്തിവീഴ്ത്തുകയായിരുന്നു.
മൂർച്ചയുള്ള ആയുധങ്ങളും തോക്കുകളും, ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു തടവുകാർ പരസ്പരം ഏറ്റുമുട്ടിയത്.
സംഭവത്തില്‍ അന്വേഷണം നടക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്. ജയിൽ കലാപം നിയന്ത്രിക്കാൻ അർദ്ധസൈനിക വിഭാഗമായ ബൊളിവറിയൻ നാഷണൽ ഗാർഡുകളെ വിന്യസിച്ചിരുന്നതായും വിവരമുണ്ട്.