covid-19

തിരുവനന്തപുരം: പ്രവാസികൾക്കൊപ്പം അയൽ സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്താൻ രജിസ്റ്റർ ചെയ്ത് കാത്ത് നിൽക്കുന്നവരെ സ്വീകരിക്കാൻ തിരുവനന്തപുരം ജില്ലാ അതി‌ർത്തികളിൽ സംവിധാനങ്ങൾ സജ്ജമായി. അയൽ സംസ്ഥാനത്ത് നിന്നും ജില്ലയിലെത്തുന്നവരെ സ്വീകരിക്കുന്നതിനായി സർക്കാർ നിർദ്ദേശിച്ച എല്ലാ സൗകര്യങ്ങളും അതിർത്തിയിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തി.

തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന അമരവിളയിൽ ഇതിനായുള്ള സൗകര്യങ്ങൾ ക്രമീകരിച്ചുതുടങ്ങി. റോഡിന് ഇരുവശവും പാർക്കിംഗ് സൗകര്യം സജ്ജീകരിച്ചു. ചെക്ക് പോസ്റ്റിന് സമീപത്തുള്ള ഓഡിറ്റോറിയത്തിൽ ഒരേസമയം 500 പേരെ ഉൾക്കൊള്ളിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കുടിവെള്ളം, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി വ്യത്യസ്ത വിശ്രമ മുറികൾ, ആരോഗ്യ പരിശോധനാ സംവിധാനം, ആംബുലൻസ്, വീൽചെയർ സൗകര്യം, ഭക്ഷണം എന്നിവ ഇവിടെ ലഭിക്കും.

ചെക്ക് പോസ്റ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ അണുവിമുക്തമാക്കി തെർമൽ സ്‌കാനിംഗ് നടത്തും. രോഗലക്ഷണമുള്ളവരെ ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് മാറ്റും. അല്ലാത്തവരെ വീടുകളിലേക്ക് അയച്ച് 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിപ്പിക്കും.

മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെയെത്തുന്നവർക്ക് പ്രത്യേക രജിസ്‌ട്രേഷൻ കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ പ്രദേശം അണുവിമുക്തമാക്കാനുള്ള നടപടിയും സ്വീകരിച്ചു. പൊതു ഗതാഗത സംവിധാനമില്ലാത്ത സാഹചര്യത്തിൽ ജോലി സ്ഥലങ്ങളിലും പരീക്ഷയ്ക്കും പഠനത്തിനുമായും പോയി വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്ക് സ്വന്തം നിലയിൽ വാഹനസൗകര്യം ഏർപ്പാടാക്കി നാട്ടിലേക്ക് പോരാനുള്ള സംവിധാനം നടപ്പാക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്.