stem-cell-transplant

അബുദാബി: കൊവിഡ് രോഗികളെ അവരുടെ തന്നെ രക്തത്തിൽ നിന്ന് വേർതിരിച്ച മൂലകോശങ്ങൾ ഉപയോഗിച്ച് ചികിത്സിക്കുന്ന രീതി അബുദാബിയിലെ സ്റ്റെംസെൽ സെന്ററിലെ ഗവേഷകർ വികസിപ്പിച്ചു. നിലവിലുള്ള ചികിത്സയ്‌ക്കൊപ്പം സ്റ്റെസെൽ ചികിത്സയും നൽകിയ 73 പേർ കൊവിഡ് രോഗത്തിൽ നിന്ന് പൂർണമായി മുക്തരായതായി യു. എ. ഇ വർത്താ ഏജൻസി 'വാം' റിപ്പോർട്ട് ചെയ്‌തു.

രോഗിയുടെ രക്തത്തിലെ മൂലകോശങ്ങളെ വേർതിരിച്ച് പരീക്ഷണശാലയിൽ അവയെ രോഗപ്രതിരോധത്തിന് സജ്ജമാക്കിയ ശേഷം ഔഷധഗുണമുള്ള നീരാവിയുടെ രൂപത്തിലാക്കി രോഗിയെ കൊണ്ട് ശ്വസിപ്പിക്കുന്നു.ശ്വാസകോശത്തിലേക്ക് നേരിട്ട് ചെല്ലുന്ന മൂലകോശങ്ങളും ആവിയും വൈറസിന്റെ ആക്രമണത്തിൽ തകർന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു. അതിനൊപ്പം ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ ശക്തമാക്കി വൈറസിനെ ചെറുത്ത് ആരോഗ്യമുള്ള കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യും. കൊവിഡ് രോഗികളുടെ ശ്വാസകോശത്തെയാണ് തകരാറിലാക്കുന്നത്. അതുകൊണ്ടു തന്നെ ശ്വാസകോശത്തെ നേരിട്ട് ചികിത്സിക്കുന്ന രീതിയാണിത്. സ്റ്റെം സെൽ ഉപയോഗിച്ചുള്ള ചികിത്സ കൂടുതൽ വികസിപ്പിക്കാൻ ഈ കണ്ടുപിടിത്തത്തിന് അബുദാബി സർക്കാർ പേറ്റന്റും അനുവദിച്ചു.

ചികിത്സയുടെ ആദ്യ ഘട്ടം വിജയിച്ചെന്നും ഫലപ്രാപ്തി ഉറപ്പിക്കാനുള്ള രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയൽ അടുത്ത രണ്ടാഴ്ചയിലായി നടക്കുമെന്നും അബുദാബി സ്റ്റെം സെൽ സെന്റർ അധികൃതർ അറിയിച്ചു.

കൊവിഡ് പ്രതിരോധത്തിൽ ആഗോള തലത്തിൽ തന്നെ ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്ന നേട്ടമാണിത്. ഗവേഷകരും, ഡോക്ടർമാരും അടങ്ങിയ വിദഗ്ദ്ധ സംഘത്തെ യു.എ.ഇ ഭരണാധികാരികൾ അഭിനന്ദിച്ചു.

യു. എ. ഇയിൽ ഇതുവരെ 111പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മൊത്തം രോഗികൾ 13,​038 ആയി. 2,​543 പേർ രോഗമുക്തരായിട്ടുണ്ട്.