സി.ഇ.ഒ കസേര തെറിച്ചേക്കും
സാൻഫ്രാൻസിസ്‌കോ: പ്രമുഖ അമേരിക്കൻ ഇലക്‌ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയെ വലച്ച് വീണ്ടും സി.ഇ.ഒ എലോൺ മസ്‌കിന്റെ ട്വീറ്ര്. ''ടെസ്‌ലയുടെ ഓഹരി വില വളരെ കൂടുതലാണ്" എന്ന വെള്ളിയാഴ്‌ചത്തെ അദ്ദേഹത്തിന്റെ ട്വീറ്ര് വന്ന് മണിക്കൂറുകൾക്കകം ടെസ്‌ലയുടെ മൂല്യത്തിൽ നിന്ന് 1,400 കോടി ഡോളർ (ഏകദേശം 1.06 ലക്ഷം കോടി രൂപ) ഒലിച്ചുപോയി. മസ്‌കിന് 300 കോടി ഡോളറും പോയി. ഇത്, സുമാർ 22,725 കോടി രൂപ വരും!
ട്വീറ്രിന് താഴെ ഒരാൾ ''കാശിന് ബുദ്ധിമുട്ടുണ്ടല്ലേ?" എന്ന് ചോദിച്ചു. ഇതിന് മസ്‌ക് നൽകിയ ''കാശു വേണ്ട. എന്റെ ജീവിതം ഭൂമിക്കും ചൊവ്വയ്ക്കും വേണ്ടിയുള്ളതാണ്. എന്തിനെയും അധീനതയിലാക്കുന്നത് നിങ്ങളെ താഴ്‌ചയിലേക്ക് നയിക്കും. ഭൗതിക സ്വത്തെല്ലാം വിൽക്കുകയാണ്. ഒരു വീടുപോലും എനിക്ക് വേണ്ട " എന്ന മറുപടിയാണ് കൂടുതൽ തിരിച്ചടിയായത്. ട്വീറ്റിന് മുമ്പ് ടെസ്‌ലയുടെ മൂല്യം 14,100 കോടി ഡോളറായിരുന്നു. ശേഷം 12,700 കോടി ഡോളർ.
2018 ആഗസ്‌റ്റിൽ മസ്‌ക് പോസ്‌റ്റ് ചെയ്‌ത ''ടെസ്‌ലയെ സ്‌റ്റോക്ക് മാർക്കറ്റിൽ നിന്ന് പിൻവലിച്ച്, പ്രൈവറ്ര് കമ്പനിയാക്കും. ഫണ്ട് പ്രശ്‌നമല്ല" എന്ന ട്വീറ്റും തിരിച്ചടിച്ചിരുന്നു. അന്ന്, മസ്‌കിന് ചെയർമാൻ സ്ഥാനം പോയി. പിഴയായി വലിയ തുകയും നൽകേണ്ടിവന്നു. ഇപ്പോൾ സി.ഇ.ഒ കസേരയും പോകുമെന്നാണ് കേൾക്കുന്നത്.