mohammad-muhsin

ബംഗളുരു: തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരെ 'വീരന്മാർ' എന്ന് അഭിസംബോധനയോടെ ട്വീറ്റ് ചെയ്ത കർണാടകയിലെ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പിലെ ഐഎഎസ് ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്. 1996 ബാച്ച് ഉദ്യോഗസ്ഥനായ മുഹമ്മദ് മൊഹ്സീനാണ് നോട്ടീസ് ലഭിച്ചത്.

മുന്നൂറിലധികം തബ് ലീഗി വീരന്മാർ രാജ്യത്തിനായി പ്ളാസ്മ നൽകാൻ തയ്യാറായി. ഇവരുടെ പ്രവൃത്തി മാധ്യമങ്ങൾ കാണില്ലെന്നായിരുന്നു മൊഹ്സീന്റെ ആക്ഷേപം. തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ രാജ്യമാകമാനം സഞ്ചരിച്ചതിലൂടെ 1500ലധികം പേർക്കാണ് കൊവിഡ് രോഗമുണ്ടായത്.

ട്വീറ്റ് വിവാദമായ ഉടൻ കർണാടക സർക്കാർ അ‌ഞ്ച് ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ട് കാരണം കാണിക്കൽ നോട്ടീസ് നൽകി. മുൻപ് ഒഡീഷയിൽ ഇലക്ഷൻ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്റർ പരിശോധിക്കാൻ ഉത്തരവിട്ട് വിവാദം സൃഷ്ടിച്ചയാളാണ് മുഹമ്മദ് മൊഹ്സീൻ. അന്ന് അച്ചടക്കനടപടി മൊഹ്സീനെതിരെ കൈക്കൊണ്ടിരുന്നു.