ജനീവ: കൊവിഡ് വൈറസിന്റേത് സ്വാഭാവിക ഉത്ഭവമാണെന്ന് ആവർത്തിച്ച് ലോകാരോഗ്യ സംഘടന. ചൈനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് വൈറസ് വ്യാപനമുണ്ടായതെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ മൈക്കൽ റയാൻ ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡ് വൈറസിനെക്കുറിച്ചും അതിന്റെ ജീൻ സ്വീക്വൻസുകളെക്കുറിച്ചും പഠനം നടത്തിയ നിരവധി ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾ ലോകാരോഗ്യ സംഘടന ആവർത്തിച്ച് പരിശോധിച്ചിട്ടുണ്ട്. വൈറസിന്റേത് സ്വാഭാവിക ഉത്ഭവമാണെന്ന് ഉറപ്പുള്ള കാര്യമാണെന്നും റയാൻ ചൂണ്ടിക്കാണിച്ചു. വൈറസിന്റെ സ്വാഭവിക ഉത്ഭവം എങ്ങനെയാണെന്ന് സ്ഥാപിക്കേണ്ടത് അത്യാവശ്യമായിരുന്നു. വൈറസിനെക്കുറിച്ച് കൂടുതൽ മനസിലാക്കാനും ഭാവിയിൽ ഇത്തരം രോഗവ്യാപനം തടയാനും ഇത് സഹായിക്കുമെന്നും റയാൻ കൂട്ടിച്ചേർത്തു. അതേസമയം,
കോവിഡ് വ്യാപനം അതിന്റെ മൂർധന്യാവസ്ഥയിലാണെന്നും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ സാഹചര്യം തുടരുകയാണെന്നും വെള്ളിയാഴ്ച ചേർന്ന ഡബ്ല്യുഎച്ച്ഒ എമർജൻസി കമ്മിറ്റി വിലയിരുത്തി.