auto-sales

ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ പുതുതായി ഒരു വാഹനം പോലും വിറ്രഴിയാത്ത മാസമെന്ന ചീത്തപ്പേര് സ്വന്തമാക്കി 2020 ഏപ്രിൽ. കൊവിഡും ലോക്ക്ഡൗണും മൂലം ഉത്‌പാദക ശാലകളും ഷോറൂമുകളും അടച്ചിട്ടതാണ് വില്പന 'പൂജ്യം" ആകാൻ കാരണം.

2019 ഏപ്രിലിൽ മാരുതി സുസുക്കി 1.31 ലക്ഷം കാറുകൾ വിറ്റഴിച്ചിരുന്നു. ഹ്യുണ്ടായി വിറ്റഴിച്ചത് 42,005 കാറുകൾ. മഹീന്ദ്ര 19,966 യൂണിറ്റുകളും ടൊയോട്ട 10,112 യൂണിറ്റുകളും വിറ്റഴിച്ചിരുന്നു. ഫാക്‌ടറികളിൽ നിന്ന് ഷോറൂമുകളിലേക്കുള്ള മൊത്ത വില്പനയാണ് (ഹോൾസെയിൽ) ഇന്ത്യയിലെ കാർ നിർമ്മാതാക്കൾ പുറത്തുവിടാറുള്ളത്. ഉപഭോക്താക്കൾക്ക് നേരിട്ടുള്ള റീട്ടെയിൽ വില്‌പന റിപ്പോർട്ട് ചെയ്യാറുള്ള എം.ജി. മോട്ടോർ ഇന്ത്യയും പക്ഷേ, ഏപ്രിലിൽ കുറിച്ചത് പൂജ്യം വില്‌പന.

അതേസമയം, തുറമുഖങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ച പശ്‌ചാത്തലത്തിൽ മാരുതി കഴിഞ്ഞമാസം ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി 632 വാഹനങ്ങൾ കയറ്റുമതി ചെയ്‌‌തു. ഹ്യുണ്ടായ് 1,341 യൂണിറ്റുകളും മഹീന്ദ്ര 733 യൂണിറ്റുകളും കയറ്റിഅയച്ചു.

ഫാക്‌ടറികൾ ഉടൻ

തുറന്നേക്കും

മനേസർ പ്ലാന്റ് തുറക്കാൻ ഗുഡ്‌ഗാവ് ഭരണകൂടത്തിൽ നിന്ന് മാരുതി സുസുക്കിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഹ്യുണ്ടായിയും മഹീന്ദ്രയും ഉൾപ്പെടെയുള്ള മറ്റു കമ്പനികളും ഈമാസം തന്നെ ഉത്‌പാദനം പുനരാരംഭിച്ചേക്കും. മാനദണ്ഡങ്ങൾ പാലിച്ച്, ഷോറൂമുകൾ വീണ്ടും തുറക്കുന്നത് സംബന്ധിച്ചും ചർച്ചകളുണ്ട്.