
മോസ്കോ: കൊവിഡ് രോഗം അതിവേഗം വ്യാപിക്കുന്ന റഷ്യയും ബ്രസീലും അടുത്ത ഹോട്ട്സ്‌പോട്ടുകളാകുമെന്ന ആശങ്ക ശക്തമാകുന്നു.
രോഗികളുടെ എണ്ണത്തിൽ റഷ്യ ചൈനയെയും ഇറാനെയും മറികടന്നു. 1,24,054 കൊവിഡ് ബാധിതർ. മരണം 1,222. അമേരിക്ക, സ്‍പെയിൻ, ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി എന്നീ രാജ്യങ്ങളാണ് റഷ്യയ്‌ക്ക് മുന്നിലുള്ളത്.
യൂറോപ്യൻ രാജ്യങ്ങളിൽ വൈറസ് എത്തിയപ്പോൾ റഷ്യ പ്രതിരോധം ശക്തമാക്കി. ആദ്യം സുരക്ഷിതമായിരുന്നെങ്കിലും പിന്നീട് വളരെ വേഗത്തിൽ രോഗം വ്യാപിച്ചു.
ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ രോഗവ്യാപനം ഏറ്റവും രൂക്ഷമായത് ബ്രസീലിലാണ്. മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും ബ്രസീൽ ചൈനയെ മറികടന്നു. 92,202 രോഗികളുണ്ട്. 6412 പേർ മരിച്ചു. ദിവസവും നൂറിലേറെ മരണം നടക്കുന്നു. രോഗികളുടെ എണ്ണത്തിൽ ലോകത്ത് പത്താം സ്ഥാനത്താണ് ബ്രസീൽ.
 രാജ്യത്ത് കൂട്ടക്കുഴിമാടങ്ങൾ
ബ്രസീലിൽ മരണം വൻതോതിൽ ഉയർന്നതോടെ ശ്‍മശാനങ്ങൾ നിറഞ്ഞു. ആമസോൺ മഴക്കാടുകൾക്ക് സമീപമുള്ള സെമിത്തേരിയിൽ കൂട്ടക്കുഴിമാടം ഒരുക്കുന്നതിന്റെ ചിത്രങ്ങൾ വാർത്താ ഏജൻസികൾ പുറത്തുവിട്ടു. ആമസോണാസ് സംസ്ഥാനത്ത് ശവപ്പെട്ടികൾ കിട്ടാനില്ല. രോഗികളുടെ എണ്ണം ഉയരുമ്പോൾ ആശുപത്രികളിൽ ഐ.സി.യുകളും വെന്റിലേറ്ററുകളുമില്ലാത്ത അവസ്ഥയാണ്. റിയോ ഡി ജനീറോയിലും സെമിത്തേരികളിൽ സംസ്‍കരിക്കാനാകാതെ മൃതശരീരങ്ങൾ നിറഞ്ഞിരിക്കുകയാണ്.
 പ്രസിഡന്റിന്റെ അലംഭാവത്തിന് ഇരകളായത് ജനങ്ങൾ
തുടക്കം മുതൽ കൊവിഡിനെ നിസാരവത്കരിച്ച ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൾസനാരോ രാജ്യത്ത് ഒരു നിയന്ത്രണവും ഏർപ്പെടുത്താൻ തയ്യാറായിരുന്നില്ല. ആളുകൾ ജോലിക്ക് പോകണമെന്നും വീട്ടിലിരിക്കരുതെന്നുമാണ് അദ്ദേഹം പറഞ്ഞത്. സാമൂഹിക അകലം പാലിക്കണമെന്ന് നിർദേശിച്ച ആരോഗ്യമന്ത്രിയെ പുറത്താക്കുകയും ചെയ്‌തു. ആളുകൾ ജോലിക്ക് പോകാതിരുന്നാൽ രാജ്യത്തിന്റെ സമ്പദ്‍ വ്യവസ്ഥ തകരുമെന്നതാണ് കാരണം. ലോകരാജ്യങ്ങൾ ജനങ്ങളോട് വീട്ടിലിരിക്കാൻ ആവശ്യപ്പെടുമ്പോഴായിരുന്നു ബോൾസനാരോയുടെ തലതിരിഞ്ഞ ഉപദേശം.