ദുബായ് : നാലുവർഷത്തോളം ഇന്ത്യൻ ടീം അടക്കിവാണ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം റാങ്കിന്റെ സിംഹാസനം ആസ്ട്രേലിയ സ്വന്തമാക്കി. 2016 ഒക്ടോബർ മുതൽ ഒന്നാംസ്ഥാനത്തായിരുന്ന ഇന്ത്യ മേയ് ഒന്നിന് പുറത്തുവന്ന റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. ന്യൂസിലാൻഡാണ് രണ്ടാം റാങ്കിൽ.
ടെസ്റ്റിൽ മാത്രമല്ല ട്വന്റി-20യിലും ആസ്ട്രേലിയയാണ് ഒന്നാം റാങ്കിൽ. പാകിസ്ഥാനെ മറികടന്നാണ് ഒാസീസ് ട്വന്റി-20യിൽ ഒന്നാമതെത്തിയത്. ഐ.സി.സി ട്വന്റി-20യിൽ റാങ്കിംഗ് ഏർപ്പെടുത്തിയ ശേഷം ആദ്യമായാണ് ഒാസീസ് ഒന്നാമതെത്തുന്നത്. 27 മാസങ്ങൾ ഒന്നാമതുണ്ടായിരുന്ന പാകിസ്ഥാൻ നാലാമതേക്ക് പതിച്ചു. ഇംഗ്ളണ്ട് രണ്ടാമതെത്തിയപ്പോൾ നാലാമതായിരുന്ന ഇന്ത്യ ഒരു പടി ഉയർന്ന് മൂന്നാമതെത്തി.
ഏകദിനത്തിൽ ഇന്ത്യ രണ്ടാം റാങ്കിൽ തുടരുകയാണ്.ലോകകപ്പ് ജേതാക്കളായ ഇംഗ്ളണ്ടാണ് ഒന്നാം സ്ഥാനത്ത്.ലോകകപ്പ് ഫൈനലിസ്റ്റുകളായ ന്യൂസിലാൻഡ് മൂന്നാമതാണ്.
ഐ.സി.സി ടെസ്റ്റ് റാങ്ക് പട്ടിക
(ടീം , റാങ്കിംഗ് പോയിന്റ് )
1.ആസ്ട്രേലിയ - 116
2. ന്യൂസിലാൻഡ് - 115
3. ഇന്ത്യ - 114
4. ഇംഗ്ളണ്ട് - 105
5. ശ്രീലങ്ക - 91
6. ദ.ആഫ്രിക്ക - 90
7. പാകിസ്ഥാൻ - 86
8.വിൻഡീസ് - 79
9. അഫ്ഗാനിസ്ഥാൻ - 57
10. ബംഗ്ളദേശ് - 55
ഐ.സി.സി ഏകദിന റാങ്ക് പട്ടിക
(ടീം , റാങ്കിംഗ് പോയിന്റ് )
1.ഇംഗ്ളണ്ട് - 127
2.ഇന്ത്യ - 119
3. ന്യൂസിലാൻഡ് - 116
4. ദണആഫ്രിക്ക - 108
5.ആസ്ട്രേലിയ - 107
6. പാകിസ്ഥാൻ - 102
7. ബംഗ്ളദേശ് - 88
8. ശ്രീലങ്ക - 85
9. വിൻഡീസ് - 76
10. അഫ്ഗാനിസ്ഥാൻ - 55
ഐ.സി.സി ട്വന്റി-20 റാങ്ക് പട്ടിക
(ടീം , റാങ്കിംഗ് പോയിന്റ് )
1. ആസ്ട്രേലിയ - 278
2. ഇംഗ്ളണ്ട് - 268
3. ഇന്ത്യ - 266
4. പാകിസ്ഥാൻ - 260
5. ദ.ആഫ്രിക്ക - 258
6. ന്യൂസിലാൻഡ് - 242
7.ശ്രീലങ്ക - 230
8. ബംഗ്ളദേശ് - 229
9. വിൻഡീസ് - 229
10. അഫ്ഗാനിസ്ഥാൻ - 228
ഇന്ത്യ മൂന്നാമതായത് എങ്ങനെ ?
ഒാരോ ഫോർമാറ്റിലും വ്യത്യസ്ത മാനദണ്ഡങ്ങളും കാല പരിധിയും വച്ചാണ് ഐ.സി.സി റാങ്ക് പട്ടികകൾ തയ്യാറാക്കുന്നത്. വിജയങ്ങളുടെ എണ്ണത്തെക്കാൾ ആർക്കെതിരായാണ് വിജയങ്ങൾ എന്നതും പരമ്പരകളുടെ മാർജിനും റാങ്കിംഗ് നിർണയിക്കുന്നതിൽ പ്രധാനമാണ്. റാങ്കിംഗിൽ ഉയരെയുള്ള ടീമുകൾക്ക് എതിരായ വിജയങ്ങൾ കൂടുതൽ പോയിന്റുകൾ നൽകും. അതുകൊണ്ടാണ് ഇന്ത്യയെക്കാൾ കുറച്ച് വിജയങ്ങൾ നേടിയിട്ടും ആസ്ട്രേലിയ ടെസ്റ്റിൽ ഒന്നാമതെത്തിയത്.നാലുവർഷത്തോളമായി ഇന്ത്യ റാങ്കിംഗിൽ മുന്നിൽ നിൽക്കാൻ കാരണം 2016-17 സീസൺ മുതലുളള വിജയങ്ങളാണ് പട്ടിക തയ്യാറാക്കാൻ പരിഗണിച്ചിരുന്നത് എന്നതാണ്. 2016 മേയ് മാസത്തിനും 2017 ഏപ്രിൽ മാസത്തിനും ഇടയിൽ ഇന്ത്യ 17 ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. ഇതിൽ 12 എണ്ണത്തിലും വിജയം നേടി.തോറ്റത് ഒരേ ഒരെണ്ണത്തിൽ. മറ്റൊരു ടീമും ഇൗ കാലയളവിൽ ഏഴ് ടെസ്റ്റുകളിൽ കൂടുതൽ ജയിച്ചില്ല. എന്നാൽ ഇൗ റെക്കാഡുകൾ ഐ.സി.സി പുതിയ റാങ്ക് പട്ടിക തയ്യാറാക്കിയപ്പോൾ പരിഗണിച്ചില്ല. 2017/18 സീസൺ മുതലുള്ള മത്സരങ്ങളാണ് ഇപ്പോഴത്തെ റാങ്ക് പട്ടികയ്ക്ക് ആധാരം.