tik-tok

ലോക്ക് ഡൗൺ കാലത്ത് ഫേസ്ബുക്കിനും മറ്റ് സോഷ്യൽ മീഡിയ സൈറ്റുകൾക്കും ഭീഷണിയുയർത്തി ടിക് ടോക്ക്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച സമ്പൂർണ ലോക്ക് ഡൗൺ ഏറ്റവും ഗുണം ചെയ്തത് വീഡിയോകൾ അവതരിപ്പിക്കുന്ന ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിനാണ്. മറ്റ് ആപ്ലിക്കേഷനുകളെ പിന്തള്ളി ആപ്പിൾ സ്റ്റോറിലും ഗൂഗിൾ പ്ലേയിലുമായി 200 കോടി ഡൗൺ ലോഡുകൾ പൂർത്തിയാക്കിയിരിക്കുകയാണ് ടിക് ടോക്ക്.

ഡൗൺ ലോഡിൽ 30.3 ശതമാനവും ഇന്ത്യയിൽ നിന്നാണ്. 611 ദശലക്ഷം പേരാണ് ഇന്ത്യയിൽ നിന്ന് ആപ്പ് ഡൗൺ ലോഡ് ചെയ്തത്. രണ്ടാമത് ചൈനയും മൂന്നാമത് യു.എസുമാണ് ഉള്ളത്. ഇതുവരെ ചൈനയിൽ 196.6 ദശലക്ഷം പേർ ടിക് ടോക്ക് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. രാജ്യത്തെ തേർഡ് പാർട്ടി ആൻഡ്രോയിഡ് സ്റ്റോർ ഇൻസ്റ്റാളുകൾ ഉൾപ്പെടാതെയാണ് ഈ കണക്ക്.

ഡൗൺലോഡുകളിൽ ഭൂരിഭാഗവും ഗൂഗിൾ പ്ലേ വഴിയാണ് നടന്നിട്ടുള്ളത്. 1.5 ബില്യൺ ഇൻസ്റ്റാളുകൾ ഗൂഗിൾ പ്ലേയിൽ നിന്നാണ്. മൊത്തം 75.5 ശതമാനം വരുമിത്. അതേസമയം, ആപ്പിൾ സ്റ്റോർ വഴി 495.2 ദശലക്ഷം ഡൗൺ ലോഡുകൾ നടന്നിട്ടുണ്ട്.1.5 ബില്യൺ ഡൗൺലോഡുകൾ മറികടന്ന് കേവലം അഞ്ച് മാസത്തിന് ശേഷമാണ് ആപ്പ് ഏറ്റവും പുതിയ നേട്ടം കൈവരിച്ചത്.

2020ലെ ആദ്യ പാദത്തിൽ ഏത് ആപ്ലിക്കേഷനുകളേക്കാളും ഏറ്റവും കൂടുതൽ ഡൗൺലോഡുകൾ ടിക് ടോക്കിന് നേടാനായി. കഴിഞ്ഞ വർഷം ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ സ്റ്റോർ എന്നിവിടങ്ങളിൽ നേരിട്ട നിരോധനത്തിന് ഇടയിലും അമ്പരിപ്പിക്കുന്ന വളർച്ചയാണ് ആപ്പിനുള്ളത്. ഏറെ വിവാദങ്ങൾക്ക് ശേഷവും ചൈനീസ് ടിക് ടോക് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.